ലേഖനങ്ങള്‍

ഇസ്ലാം:ഭൂതവും വര്‍ത്തമാനവും

admin August 24, 2020 ജനറൽ

നാം ഇറക്കിയ ഖുര്‍ആനിക അധ്യാപനങ്ങളെ നാം തന്നെ സംരക്ഷിക്കുമെന്ന് അല്ലാഹു വ്യക്തമാക്കിയത് പോലെ ആണ്ടുകള്‍ പിന്നിടുമ്പോഴും ഇസ്ലാം പുതുമയില്‍ തിളങ്ങിക്കൊണ്ടേയിരിക്കുന്നു.
അവിശ്വാസികളും കപടവിശ്വാസികളും പുത്തന്‍വാദികളുമടങ്ങുന്ന ഇസ്ലാമിന്റെ ബാഹ്യവും ആന്തരികവുമായ ശത്രുക്കള്‍ നിരന്തരമായി ഇസ്ലാമിനെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോഴും അവയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ഇസ്ലാമിന്റെ മനോഹാരിതയെ യുക്തിഭദ്രമായി പൊതുസമൂഹത്തിന്  വരച്ചു കാട്ടുന്നവര്‍ അണമുറിയാതെ പിറവികൊണ്ടേയിരിക്കുന്നു.

ഇസ്ലാമിക അധ്യാപനങ്ങള്‍ മായം കലരാതെ ലോകമെമ്പാടും വ്യാപിപ്പിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.അതിലൂടെ സത്യവും നീതി ബോധവും ജന മനസ്സുകളില്‍ ഉടലെടുക്കുകയും മനുഷ്യകുലം മുഴുവനും ഇസ്ലാമിന്റെ സുന്ദരവും സ്വഭാവികവുമായ ആശയങ്ങളെ ഉള്‍ക്കൊള്ളുന്നതുമാണ്.

പരിമിതമാണെങ്കിലും പറയാനിരിക്കുന്നവ വായനക്കാരന് പുതിയ ചിന്താ മണ്ഡലങ്ങള്‍ തുറന്നു നല്‍കുകയും വിശ്വാസം ശക്തിപ്പെടുത്തുകയും നിരീക്ഷണ,ഗവേഷണ പാഠവങ്ങള്‍ പകരുമെന്നും പ്രതീക്ഷിക്കുന്നു.

പ്രയാസങ്ങള്‍ വകവെക്കാതെ നാടും വീടും വിട്ട് കെയ്‌റോയിലേക്ക് പോവുകയും അവിടുത്തെ വിഘ്യാത പണ്ഡിതനായ ശൈഖ് ഇബ്രാഹിം സ്വാലിഹ് ഹുസൈനിയില്‍ നിന്നും അമൂല്യമായ വിജ്ഞാന ശേഖരം നടത്തുകയും ചെയ്ത പ്രിയ സഹോദരന്മാരെ ഈ അവസരത്തില്‍ ഓര്‍ക്കാതെ വയ്യ.

ഇബ്രാഹിം സ്വാലിഹ് ഹുസൈനിയെ സന്ദര്‍ശിച്ചവര്‍:

1-ഷെയ്ഖ് സുല്‍ത്താന്‍ ബ്‌നു മഹമൂദ് മസ്‌കരി,ഒമാന്‍.
2-സയ്യിദ് അഹമദ് ഖുറൈശി,ഒമാന്‍.
3-സയ്യിദ് അബ്ദുള്ള സ്വിയാബി,ഒമാന്‍.
4-സയ്യിദ് അഹമദ് യഅകൂബ്,ഒമാന്‍.
5-ഡോ.മുഖ്താര്‍ അലി,UAE.
6-ഡോ.അമീന്‍ യുസുഫ്,UAE.
7-സയ്യിദ് ശരീഫ് റഷീദ് അഹമദ് അബ്ദുറഹ്‌മാന്‍ ഖറാസാനി,UAE.
8-സയ്യിദ് റഹ്‌മതുല്ല,കേരളം-ഇന്ത്യ.

ആമുഖമായി ഷെയ്ഖ് ഇബ്രാഹിം സ്വാലിഹ് എന്നവരുടെ ഐശ്വര്യ ജീവിതത്തിനു വേണ്ടി അല്ലാഹുവിനോട് നമുക്ക് പ്രാര്‍ത്തിക്കാം.ലോക മുസ്ലിം ജനതയുടെ ഉത്ഥാനവും വിജയവും,സുരക്ഷയും സമാധാനവും അനുഭവിക്കുവാനും ആസ്വദിക്കുവാനുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ അല്ലാഹു സഫലമാക്കി കൊടുക്കട്ടെ.

ഇസ്ലാമിക സംസ്ഥാപനം; സ്വഹാബത്തിന്റെ ധൗത്യം

പരസ്പരമുള്ള അഭിപ്രായ ഭിന്നതകള്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും വിശുദ്ധ ഇസ്ലാമിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തവരാണ് സ്വഹാബികള്‍.നബി(സ്വ) യുടെ വിയോഗാനന്തരം ഇസ്ലാമിനെ സംരക്ഷിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം സ്വാഹാബികള്‍ക്കായിരുന്നു.പ്രയാസകരമായ തങ്ങളുടെ ധൗത്യ നിര്‍വഹണത്തിനിടയില്‍ സ്വാഭാവികമായും ഇന്നത്തെക്കാളും ഇരട്ടി വ്യത്യസ്ത വീക്ഷണങ്ങളും അഭിപ്രായ ഭിന്നതകളും അവര്‍ ക്കിടയില്‍ നിലനിന്നിരുന്നു.വിശുദ്ധ ദീനിന് വേണ്ടി അവര്‍ സഹിച്ച ത്യാഗങ്ങളുടെ ഫലമായിട്ടാണ് ഇസ്ലാമിന് കൃത്യമായ ചട്ടക്കൂട് ഉണ്ടായത്.

അലങ്കോലമായിരുന്ന ഈ ഭൂപ്രതലത്തെ അവര്‍ ഇസ്ലാമിക മൂല്യങ്ങള്‍ കെട്ടിപ്പടുക്കാന്‍ മാത്രം പര്യാപ്തമാക്കി.അതിനിടയില്‍ അല്ലാഹുവിന്റെ ധാരാളം  പരീക്ഷണങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നു.നബി(സ്വ)യുടെയും ഇബ്രാഹിം നബി (അ)അടക്കമുള്ള മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെയും വാക്കുകളെ ആത്മാര്‍ത്ഥമായി ഉള്‍ക്കൊള്ളുകയും അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരാണ് സ്വഹാബാക്കള്‍.അവര്‍ സഞ്ചരിച്ച പാതയിലൂടെ പ്രയാണം തുടരുവാനും അപ്രകാരം ഇസ്ലാമിക ഐഡിയോളജികളെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാനുമുള്ള താല്പര്യമില്ലായ്മയാണ് പുതിയ കാലത്തെ പുത്തനാശയങ്ങളുടെ പിറവിക്ക് പിന്നിലെ മുഖ്യ കാരണമായി വര്‍ത്തിച്ചത്.സ്വഹാബാക്കളുടെ കാലത്ത് തന്നെ ഉടലെടുത്ത മുഅതസിലി,മുര്‍ജിഅ ആശയ വാഹകര്‍ സ്വഹാബാക്കളുടെ പാതയില്‍ നിന്നും വ്യതിചലിക്കുകയും തങ്ങളുടെതാണ് ഉചിതവും യുക്തിഭദ്രവുമെന്ന് ഉറച്ചു വിശ്വസിച്ചവരുമായിരുന്നു.

ഇസ്ലാമിലെ വിഭാഗീയതയുടെ തുടക്കം

പില്‍കാലത്ത് ഇസ്ലാമിക സമൂഹം ധാരാളം വിഭാഗങ്ങളായി തിരിഞ്ഞു.പ്രവാചകന്റെ കാലത്ത് തന്നെ അതിന്റെ അനുരണനങ്ങള്‍ പ്രകടമായിരുന്നു.ഖാലിദ്(റ)വിന്റെ നേതൃത്വത്തില്‍ നടന്ന യുദ്ധത്തിലെ ഗനീമത്ത് സ്വരൂപിക്കുവാനായി നബി(സ്വ) ബഹു:അലി(റ)വിനെ നിയോഗിച്ചിരുന്നു.എന്നാല്‍ അലി(റ)വിനോട് അല്‍പ്പം വെറുപ്പുണ്ടായിരുന്ന മറ്റൊരു സ്വഹാബിവര്യന്‍ അലി(റ) ഗനീമത്തില്‍ നിന്നും തന്റെ വിഹിതത്തേക്കാള്‍ അമിതമായി കൈപറ്റി എന്ന് പ്രചരിപ്പിക്കുകയുണ്ടായി.വിഷയം തിരുനബിയുടെ സന്നിധിയിലെത്തിയപ്പോള്‍ അദ്ദേഹത്തോട് നബി(സ്വ) ചോദിച്ചു:താങ്കള്‍ അലി(റ)വിനെ വെറുക്കുന്നുവോ..!? അതെ എന്ന് മറപടി പറഞ്ഞ അദ്ദേഹത്തോടായി നബി(സ്വ) അരുളുകയുണ്ടായി:താങ്കള്‍ അലി(റ)വിനെ വെറുക്കരുത്,ഗനീമത്ത് വിഹിതത്തില്‍ നിന്ന് അലി(റ)നു ലഭിച്ചതിന് ഉപരിയായി അഞ്ചില്‍ ഒന്നിന്റെ  മറ്റൊരു വിഹിതം കൂടിയുണ്ട്.തീര്‍ച്ചയായും എന്റെ കാലശേഷം അലി(റ) നിങ്ങളുടെയും നിങ്ങളുടെ യജമാനനായിരുന്നയാളുടെയും നേതാവാകുന്നതാണ്.നബി(സ്വ)യുടെ ഉപദേശം ശ്രവിച്ചത് മുതല്‍ അദ്ദേഹത്തിന് അലി(റ)വിനോളം പ്രിയമുള്ളതായി മറ്റാരുമുണ്ടായിരുന്നില്ല.ഈ സംഭവം ബുറൈദ(റ),അംറ് ബ്‌നു ദീ മുര്‍(റ),സഈദ് ബ്ന്‍ വഹബ്(റ) എന്നിവര്‍ മുഖേന റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളില്‍ വന്നിട്ടുണ്ട്.

രിയാഹ് ബ്‌നു ഹാരിസ്(റ) പറയുന്നു:അലി(റ)വിന്റെ അടുക്കല്‍ ഒരു സംഘം വരികയും 'ഞങ്ങളുടെ നേതാവേ' എന്ന് അഭിസംബോധന നടത്തുകയും ചെയ്തു.അപ്പോള്‍ അലി(റ) ചോദിച്ചു:നിങ്ങള്‍ അറബികളിലെ മറ്റൊരു വിഭാഗമായിരിക്കെ ഞാന്‍ എങ്ങനെയാണ് നിങ്ങളുടെ നേതാവ് ആവുക..? ഉടന്‍ അവര്‍ മറുപടി പറഞ്ഞു:നിങ്ങളുടെ നേതാവിന്റെയും നേതാവാണ് അലി(റ)വെന്ന് നബി(സ്വ) പറയുന്നത് ഞങ്ങള്‍ കേട്ടിരുന്നു.അബൂ അയ്യൂബുല്‍ അന്‍സാരി(റ)വിന്റെ നേതൃത്വത്തിലുള്ള അന്‍സാരികളില്‍ പെട്ടവരായിരുന്നു അവരെന്നും  ബഹുമാന സൂചകമന്നോണം തന്റെ തലപ്പാവ് ഊരി വെച്ചായിരുന്നു അലി(റ)വിനോട് അദ്ദേഹം സംസാരിച്ചതെന്നും രിയാഹ്(റ) പറഞ്ഞു.

അലി(റ)വിനെ സംബന്ധിച്ചുള്ള നബി(സ്വ)യുടെ ഈ സംസാരത്തെ രണ്ടു തരത്തില്‍ വ്യാഖ്യാനിച്ചവരുണ്ട്,ഒരു വിഭാഗം അലി(റ)അടക്കമുള്ള അഹ്ലു ബൈത്തിലുള്ളവര്‍ക്ക് പ്രവാചകന്റെ അനന്തരാവകാശം ലഭിക്കുമെന്നും രണ്ടാമത്തെ വിഭാഗം നബി(സ്വ)യുടെ കാല ശേഷം പ്രവാചക ധൗത്യം അലി(റ)വിനാണെന്നും മനസ്സിലാക്കി.

എന്നാല്‍ നബി(സ്വ)ക്ക് ശേഷം മറ്റൊരു നബിയില്ലെന്നും അലി(റ) നബിയായി നിയോഗിതനാവാനുള്ള സാധ്യത പോലും നിലനില്‍ക്കുന്നുമില്ല എന്നതും വളരെ പ്രകടമായ വസ്തുതയാണ്.അപ്രകാരം നബിമാരുടെ സ്വത്തില്‍ ആര്‍ക്കും അനന്തരാമുണ്ടാവുകയില്ലെന്നും അവരുടെ സ്വത്ത് പാവങ്ങള്‍ക്ക് ദാനം ചെയ്യേണ്ടതുമാണെന്നത് അബൂബക്കര്‍ സിദ്ധീഖ്(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
നബി(സ്വ)ക്ക് ശേഷം ഖലീഫ പദവിക്ക് കൂടുതല്‍ അര്‍ഹതപ്പെട്ടത് അബൂബക്കര്‍ സിദ്ധീഖ്(റ)വും ശേഷം ഉമര്‍(റ),ഉസ്മാന്‍(റ) എന്നിവരുമാണ്.എന്നാല്‍ അലി(റ)വിനാണ് കൂടുതല്‍ യോഗ്യതയെന്ന് തോന്നിപ്പിക്കുന്ന ചില ഹദീസുകളാണ് ചിലരെ അങ്ങനെ  തെറ്റിദ്ധരിപ്പിച്ചത്.അലി(റ) നിങ്ങളുടെയും നിങ്ങളെ നേതാവിന്റെയും നേതാവാണെന്ന ബുറൈദ(റ)റിപ്പോര്‍ട്ട് ചെയ്ത ഹദീസ് അതിനുദാഹരണമാണ്(അഹ്‌മദ്, ഇബ്‌നു മാജ).ഇബ്‌നു ഇസ്ഹാഖ്(റ) പറയുന്നു:നബി(സ്വ) ഒരു വേള  യുദ്ധത്തിന് പുറപ്പെട്ടപ്പോള്‍ അലി(റ) വിനോട് യുദ്ധത്തിന് വരേണ്ടതില്ലെന്നും തന്റെ വീട്ടില്‍ തന്നെ നില്‍ക്കാനും പറഞ്ഞു,അപ്പോള്‍ കപട വിശ്വാസികള്‍ നബി(സ്വ) അലി(റ)വിന് മാത്രം യുദ്ധത്തില്‍ നിന്ന് ഇളവ് നല്‍കി എന്ന് പ്രചരിപ്പിക്കുകയുണ്ടായി.ഉടന്‍ അലി(റ) നബി(സ്വ) യുടെ പിന്നാലെ പോവുകയും സംഭവം വിവരിക്കുകയും ചെയ്തപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു:അവര്‍ കളവ് പറയുകാണ്, ഞാന്‍ അങ്ങേയ്ക്ക് ഇളവ് നല്‍കിയത് അവിടുത്തെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനാണ്, അത്കൊണ്ട് താങ്കള്‍ തിരികെ പോവുക,പ്രവാചകന്‍ എന്ന വിശേഷണം ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും അങ്ങ് എനിക്ക് മൂസ നബി(അ)ന് ഹാറൂന്‍ നബി(അ) നെ പോലെയാവുന്നത് തൃപ്തിപെടുന്നില്ലയോ...!?ശേഷം അലി(റ) മദീനയിലേക്ക് മടങ്ങുകയും ചെയ്തു(ബുഖാരി, മുസ്ലിം).

ഖിലാഫത്:അബൂബക്കര്‍ സിദ്ധീഖ്(റ)വിന്റെ അര്‍ഹത

പ്രായം കൂടും തോറും മനുഷ്യനില്‍ അനുഭവങ്ങളും പരിചയ സമ്പത്തും തിരിച്ചറിവും അതികരിക്കുകകയും അവ മൂല്യവത്തായ വിജ്ഞാനങ്ങളുടെ സ്ഥാനം അര്‍ഹിക്കുകയും ചെയ്യും.അപ്രകാരം അബൂബക്കര്‍ സിദ്ധീഖ്(റ)തന്നെയായിരുന്നു ആ കാലത്ത് ജനങ്ങളുടെ നേതാവാകാന്‍ ഏറ്റവും അര്‍ഹനായിരുന്നത്.നബി(സ്വ)യുടെ സന്തത സഹചാരിയായിരുന്ന അദ്ദേഹത്തിന്റെ സല്‍കര്‍മങ്ങള്‍ മുസ്ലിം സമുദായത്തിലെ മുഴുവന്‍ അംഗങ്ങളുടേതിനെക്കാളും ഭാരമേറിയതാണെന്ന് നബി(സ്വ)തന്നെ പ്രസ്താവിച്ചിട്ടുമുണ്ട്.ജാഹിലിയ്യ കാലവും ഇസ്ലാമിന്റെ പിറവിയും വളര്‍ച്ചയും ഒരുപോലെ അനുഭവിക്കാനും നന്മ,തിന്മകള്‍ കൃത്യമായി തിരിച്ചറിയാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഉമര്‍(റ)വും കൂട്ടരും ഖലീഫ പദവി അബൂബക്കര്‍(റ)വിന് നല്‍കണം എന്ന പക്ഷത്തായിരുന്നു.എന്നാല്‍ അബൂബക്കര്‍ സിദ്ധീഖ്(റ) ഉമര്‍(റ) വിനെ നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്.മുഹാജിറുകളും അന്‍സാരികളും ഒരുപോലെ അംഗീകരിക്കുന്ന അബൂബക്കര്‍ സിദ്ധീഖ്(റ) തന്നെ ഖലീഫ ആകണമെന്നും അദ്ദേഹമുള്‍കൊള്ളുന്ന ഒരു ജനതയെ നയിക്കുന്നതിനെക്കാളും എനിക്ക് ഇഷ്ടം കുറ്റമൊന്നുമില്ലാതെ എന്റെ തല ഛേദിക്കുന്നതാണെന്ന് ഉമര്‍(റ) പ്രതിവചിക്കുകയും ചെയ്തു.ഈ സംഭവങ്ങളെല്ലാം അലി(റ) വിന്റെ ഖലീഫ പദവി ലഭിക്കാതിരിക്കാന്‍ കാരണമാവുകയും അംറ് ബിനു ഹസ്വീന്‍(റ), ഇബ്‌നു മസ്ഊദ്(റ),സയ്ദ് ബ്‌നു അര്‍ഖം(റ) എന്നിവരടങ്ങുന്ന ഒരു വിഭാഗം പ്രസ്തുത സംഭവങ്ങളെ ഗൂഢാലോചനയായി വിലയിരുത്തുകയും ചെയ്തു.കാലങ്ങള്‍ ഒരുപാട് പിന്നിട്ടിട്ടും അന്നത്തെ സംഭവങ്ങള്‍ക്കെതിരെയുള്ള ചിലരുടെ പരാതികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

അബൂബക്കര്‍ സിദ്ധീഖ്(റ) വിന് ശേഷമുള്ള സംഭവ വികാസങ്ങള്‍

അബൂബക്കര്‍ സിദ്ധീഖ്(റ) വിന്റെ വിയോഗം അടുത്തപ്പോള്‍ തന്റെ കാല ശേഷം മുസ്ലിം സമൂഹത്തെ നയിക്കാന്‍ കരുത്തുള്ള പ്രാപ്തനായ നേതാവിന്റെ ആവശ്യകത മനസ്സിലാക്കുകകയും ഉമര്‍(റ) വിനെ ഇസ്ലാമിന്റെ രണ്ടാം ഖലീഫയായി നിയമിക്കുകയും ചെയ്തു.ഉമര്‍(റ) വിന് ശേഷം ഖിലാഫത്ത് വിഷയം നബി(സ്വ) യുടെ പൂര്‍ണ്ണ തൃപ്തി പട്ടം കരസ്ഥമാക്കിയ ആറ് പേരിലേക്ക് നീങ്ങുകയും അവരുടെ തീരുമാനപ്രകാരം അവരില്‍ ഒരാളായ ഉസ്മാന്‍(റ) വിനെ ഖലീഫയായി നിയോഗിക്കുകയും ചെയ്തു.എന്നാല്‍ ബനു ഉമയ്യ ഗോത്രത്തില്‍ പെട്ട ഉസ്മാന്‍(റ) നെ ഖലീഫയാക്കിയത് ചിലരെങ്കിലും അസ്വാസ്ഥതപ്പെടുത്തുകയും മറ്റു ചിലരെ സന്തോഷിപ്പിക്കുകയുമുണ്ടായി.ഉസ്മാന്‍(റ)വിന്റെ വഫാത്തിന് മുമ്പ് തന്നെ ജനങ്ങള്‍ രണ്ട് വിഭാഗമായി തിരിഞ്ഞിരുന്നു.ഖിലാഫത് വിഷയം മുസ്ലിം ജനതയുടെ പൊതു ഘടകമായി മനസ്സിലാക്കുന്നതിന് പകരം ബനൂ ഉമയ്യ ഗോത്രം അതിനെ തങ്ങളുടെ അവകാശമായി ഗണിക്കുകയും അവ ഈജിപ്തില്‍ നിന്ന് പോലും വിപ്ലവകാരികളെ ഇളക്കിവിടാന്‍ പ്രേരകമാക്കിത്തീര്‍ത്തു.പ്രസ്തുത സംഭവങ്ങളെ പോസിറ്റീവായും നെഗറ്റീവായും വിലയിരുത്തപെട്ടിട്ടുണ്ട്.

അലി (റ) വിന്റെ കാലത്തെ വിഭിന്ന സ്വരങ്ങള്‍

അലി(റ) വിന്റെ കാലമായപ്പോയേക്കും ആഭ്യന്തര ചര്‍ച്ചകള്‍ക്ക് ചൂടേറുകയായി,ഉസ്മാന്‍(റ) ശഹീദായതോടെ മുസ്ലിങ്ങള്‍ ഏകസ്വരത്തില്‍ അലി(റ) ഖലീഫയാകുവാന്‍ ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ ഉസ്മാന്‍(റ) വിന്റെ ഘാതകര്‍ക്കെതിരെ പ്രതികാര നടപടികള്‍ നടപ്പിലാക്കാന്‍ ആവശ്യം ഉന്നയിച്ച ബനൂ ഉമയ്യക്കാരുടെ യഥാര്‍ത്ഥ ഉദ്ദേശം മറ്റൊന്നായിരുന്നു.അലി(റ) ഉസ്മാന്‍(റ)വിന്റെ ഘാതകരുടെ ശിക്ഷ നടപ്പിലാക്കുമ്പോള്‍ അലി(റ)വിനും ഉസ്മാന്‍(റ)വിന് സംഭവിച്ചത് പോലെ സംഭവിക്കാന്‍ കാരണമാവുകയും അത് വിപ്ലവത്തിന് ആക്കം കൂട്ടുകയും ചെയ്യുമല്ലോ എന്നതായിരുന്നു ബനൂ ഉമയ്യയിലെ പക്ഷപാതികള്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വെച്ചത്.ഉസ്മാന്‍(റ)വിന്റെ മരണവാര്‍ത്ത ആയിഷ(റ)വിന്റെ കാതിലെത്തിയപ്പോള്‍ സങ്കടത്തിന്റെ ഭാവങ്ങളൊന്നും പ്രകടമായിരുന്നില്ല,എന്നാല്‍ അലി(റ)വാണ് പുതിയ ഖലീഫയായി നിയമിതനായതെന്ന് അറിഞ്ഞപ്പോള്‍ ഉസ്മാന്‍(റ)വിനെയോര്‍ത്ത് വേദനിക്കുകയും പ്രതികാര നടപടികള്‍ക്കായി വാദിക്കുന്നവരുടെ സംഘത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.ആയിഷ(റ)വിന്റെ ഇഫ്ഖ് സംഭവത്തില്‍ അലി(റ)വിന്റെ നിലപാട് മഹതിയെ ഒത്തിരി വേദനിപ്പിച്ചിരുന്നു,അത്കൊണ്ട് തന്നെ അലി(റ)വിനെ ആയിഷ(റ) പ്രകോപിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് സ്വാഭാവിക മനുഷ്യ വികാരത്തിന്റെ ഭാഗമാണ്.

ഹസന്‍(റ)വിന്റെ ഖിലാഫത്തും അഹ്ലുസ്സുന്ന വല്ജമാഅ,ഷീയിസം എന്നിവയുടെ വളര്‍ച്ചയും

അലി(റ)വിന്റെ വഫാത്തിന് ശേഷം ഹസന്‍(റ) ഖലീഫയായി നിയോഗിതാനായി.ഇസ്ലാമിന്റെ നാല് ഖലീഫമാര്‍ക്ക് ശേഷം അഞ്ചാമതായി ഉമര്‍ ബ്‌നു അബ്ദുല്‍ അസീസ്(റ)വിനെയാണ് പലപ്പോഴും എണ്ണപ്പെടാറുള്ളത്. ഹസന്‍(റ)വിന്റെ ഖിലാഫത്ത് തന്നെ ഇല്ലായിരുന്നു എന്ന് വരുത്തി തീര്‍ക്കാനും ഹസന്‍(റ)വിനെക്കാള്‍ കൂടുതല്‍ ഇബ്‌നു സുബൈര്‍(റ)ന്റെ ഖിലാഫത്തിനെ അനുസ്മരിക്കാനും ചിലര്‍ മനപ്പൂര്‍വം പരിശ്രമിക്കുകയും ചെയ്യുന്നു.എന്നാല്‍ ചരിത്രത്തിന് ഹസന്‍(റ)വിന്റെ ഖിലാഫത്തിനെ തിരസ്‌കരിക്കുക അസാധ്യമാണ്.മുസ്ലിം സമുദായത്തിന് മൊത്തത്തില്‍ അഹ്ലുസ്സുന്ന വല്‍ജമാഅ എന്ന പേരില്‍ അറിയപ്പെടാനുള്ള കാരണം ബനൂ ഉമയ്യ ഗോത്രമായതില്‍ അതൃപ്തിപൂണ്ടവര്‍ മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കുകയും അത് അലി(റ)വിന് വേണ്ടി നിലകൊള്ളുന്നവര്‍ എന്ന് തോന്നിപ്പിക്കുന്ന 'ശീഈയ്യ' എന്ന പുതിയ ഒരു വിഭാഗം ഉടലെടുക്കാനും കാരണമായി.

അബൂബക്കര്‍(റ)വിന്റെ കാലം മുതല്‍ക്കേ 'ശീയിസം' നിലനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും ഹസന്‍(റ) മുആവിയ(റ)വിന് ഭരണം കൈമാറുകയും അഹ്ലുസ്സുന്ന വല്‍ ജമാഅ ശക്തിപ്പെടുകയും ചെയ്തപ്പോഴാണ് ശീഈയ്യ വാദവും ശക്തിപ്പെടാന്‍ തുടങ്ങിയത്.എന്നാല്‍ മദ്ഹബിന്റെ പ്രധാന നാല് ഇമാമുമാരും ളാഹിരിയ്യ മദ്ഹബുമെല്ലാം അഹ്ലുസ്സുന്ന വല്‍ ജമാഅയിലേക്ക് ചേര്‍ന്നു നിന്നവരായതിനാല്‍ മുസ്ലിം സമുദായത്തിനെ പ്രധിനിധീകരിക്കുന്ന മുഖ്യധാരാ വിഭാഗമായി അഹ്ലുസ്സുന്ന വല്‍ ജമാഅ മാറുകയായിരുന്നു.

പശ്ചാത്യ രാജ്യങ്ങളും ഇസ്ലാമിക നാടുകളും തമ്മിലെ യുദ്ധ കാലഘട്ടം

വിശ്വാസ കാര്യങ്ങളിലെ ശാഖാ പരമായ അഭിപ്രായ ഭിന്നതകളും മാറി മാറി വന്ന ഖിലാഫത്തുകളുമൊക്കെയായ് ഇസ്ലാം അതിന്റെ ജയിത്ര യാത്ര തുടരുകയായിരുന്നു.എന്നാല്‍ ഹിജ്റ പതിനൊന്നാം നൂറ്റാണ്ടായപ്പോയേക്കും ഫ്രാന്‍സ്,പോര്‍ച്ചുഗല്‍,ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ കോളനിവല്‍ക്കരണത്തിന്റെ ഫലമായി ധാരാളം ആളുകളില്‍ ഇസ്ലാമിക മൂല്യ ചോര്‍ച്ചയുണ്ടാവുകയും ചിലര്‍കൊക്കെയും ആന്തരികമായി ഇസ്ലാമിക വിശ്വാസം തന്നെ നഷ്ടമാവുകയും ചെയ്തു.സമൂഹത്തില്‍ പുതിയതായ സാംസ്‌കാരിക അവബോധം ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെ കോളനി ശക്തികള്‍ അപ്പോള്‍ നിലനിന്നിരുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ കൂടി ഇല്ലാതാവാന്‍ കാരണക്കാരാവുകയായിരുന്നു.ഇസ്ലാമിന്റെ അന്ത സത്തയെ പോലും മടി കൂടാതെ ചോദ്യം ചെയ്യുന്നവര്‍ ഇസ്ലാമിനുള്ളില്‍ തന്നെ ഉണ്ടായിത്തിത്തീര്‍ന്നു.അഭിപ്രായ ഭിന്നതകള്‍ക്ക് അതിര്‍വരമ്പുകളില്ലാതായി.ഭിന്നതകളുടെ പേരില്‍ അന്യോന്യം അധിക്ഷേപങ്ങളുടെ പേമാരികള്‍ വര്‍ഷിക്കാന്‍ തുടങ്ങി.മദ്ഹബ്കളുടെ വ്യത്യാസത്തിന്റെ പേരില്‍ വിവാഹം പോലും അനുവദനീയമാകുമോയെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു.തീവ്രമായ പക്ഷപാതിത്യം മദ്ഹബിന്റെ ഇമാമുമാര്‍ക്കെതിരെയും ആക്ഷേപ സ്വരങ്ങള്‍ ഉയര്‍ത്തുവാന്‍ ഓരോ മദ്ഹബിന്റെയും അനുയായികളെ പ്രേരിപ്പിച്ചു.ജൂതന്മാരാണ് അബു ഹനീഫ ഇമാമിനെക്കാളും ഉത്തമരെന്നും ശാഫിഈ ഇമാം ഇബ്ലീസിനേക്കാളും മോശമാണെന്നും അബ്ദുല്ലാഹി ബ്‌നു അഹ്‌മദ്, ഇബ്‌നു മുന്‍ദ എന്നിവരെ പോലോത്തവരുടെ ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടതായും കാണപ്പെടുന്നു.

മതപരമായ പ്രശ്‌നങ്ങള്‍ പ്രകടമാവുമ്പോള്‍

ഇസ്ലാമിനുള്ളിലെ വിഭാഗീത കൂടുതല്‍ ശക്തമായി പ്രകടമാവുകയി.എതിര്‍ വിഭാഗങ്ങളോടുള്ള തീവ്രമായ വിയോജിപ്പ് കൊലപാതകങ്ങളിലേക്ക് വരെ കൊണ്ടെത്തിക്കുകയും ഇന്നും അവയുടെ അനന്തര ഫലങ്ങള്‍ നാം അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇസ്ലാമിന്റെ ലളിതവും സുന്ദരവുമായ ആശയങ്ങളില്‍ അസൂയ പൂണ്ട ഇസ്ലാമിന്റെ ശത്രുക്കള്‍  ഇസ്ലാമിനുള്ളില്‍ രൂപപ്പെട്ടുവരുന്ന വിഭാഗീയ ചിന്തകളെ മുതലെടുക്കാനുള്ള അവസരമായി കണ്ടു.ഇസ്ലാമിലെ ന്യുനാല്‍ ന്യുന പക്ഷമായ ഖവാരിജുകളെ പോലോത്തവരുടെ മനസ്സുകളില്‍ അവര്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷ വിത്തുകള്‍ വിതറുകയും അവ ഇസ്ലാമിലെ ഭൂരിപക്ഷ വിഭാഗമായ അശ്അരി,മാ തുരീദി വിശ്വാസ സരണികളെയും മറ്റു സൂഫി പ്രസ്ഥാനങ്ങളെയും തെളിവുകള്‍ കൂടാതെ കണ്ണടച്ച് ആക്ഷേപിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.

മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബ് കടന്നു വരുന്ന സമയത്ത് ഇസ്ലാമിക സാഹചര്യം ഇന്ന് നാം കാണുന്ന പോലെ അത്യധികം അധഃപതിച്ച അവസ്ഥയിലായിരുന്നു.തികച്ചും ഒരു പരിഷ്‌കണം അനിവാര്യമായ ആ സമയത്ത് തൗഹീദിലേക്ക് ക്ഷണിച്ചു കൊണ്ട് അറേബ്യന്‍ ഉപ ഭൂഖണ്ഡങ്ങളിലെ
ചിലയിടങ്ങളില്‍ അദ്ദേഹം നടത്തിയ ഇസ്ലാമിക പ്രബോധനം ഏറെ സ്തുത്യര്‍ഹമായിരുന്നു.എന്നാല്‍ ലോക മുസ്ലിങ്ങള്‍ മുഴുവനും തൗഹീദില്‍ നിന്ന് വ്യതിചലിച്ചിട്ടുണ്ടന്ന അദ്ദേഹത്തിന്റെ പിന്‍കാമികളില്‍ ചിലരുടെ വാദങ്ങള്‍ തികച്ചും അസ്ഥാനത്താണ്.ഇസ്ലാമില്‍ പുതിയതായി പല ആശയങ്ങളും ഉടലെടുത്തിട്ടുണ്ട് എന്ന് അംഗീകരിച്ചാല്‍ തന്നെയും അവ ഇസ്ലാമിക പൊതു ഐക്യത്തെ പാടേ ഇല്ലായ്മ ചെയ്യുന്നതോ വിശ്വാസം നഷ്ടപ്പെടുത്തുന്നവയോ ആയിരുന്നില്ല.

അപ്രകാരം വഹാബിസത്തോട് എതിരായവരെയെല്ലാം ഇസ്ലാമിക സമൂഹത്തില്‍ അവര്‍ അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ പോലും വകവെക്കാതെ ഇസ്ലാമില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താനും അദ്ദേഹത്തിന്റെ അനുയായികള്‍ ധൈര്യപ്പെടുകയും ഭൂരിപക്ഷ പണ്ഡിതരുടെയും അഭിപ്രായങ്ങളേയും കവച്ചു വെച്ചുകൊണ്ട് വഹാബിസ വിരുദ്ധര്‍ക്കെതിരെ മത നിഷേധികള്‍ എന്ന് തുറന്നടിക്കുകയും ചെയ്തു.തൗഹീദിലേക്ക് തന്നെയാണ് വഹാബിസം യഥാര്‍ത്ഥത്തില്‍ ക്ഷണിക്കുന്നതെങ്കിലും തങ്ങളുടെ രീതിശാസ്ത്രം തേനില്‍ കലര്‍ന്ന വിഷം പോലെയാവുകയിരുന്നു.

ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമായ അല്ലാഹു ആദരിച്ച അമ്പിയാക്കള്‍, ഔലിയാക്കള്‍ എന്നിവരെ ഇഷ്ടപ്പെടുക,അവരെ സന്ദര്‍ശിക്കുക, ബര്‍കത് എടുക്കുക എന്നിവയെല്ലാം ഇസ്ലാമില്‍ നിന്ന് പുറത്ത് പോകാന്‍ കാരണമാവുന്ന ഘടകങ്ങളായി അവര്‍ എണ്ണുകയായിരുന്നു.എത്രത്തോളമെന്ന് വെച്ചാല്‍ താന്‍ തിരു നബി(സ്വ)യെ സന്ദര്‍ശിക്കാന്‍ പോയതാണെന്ന് പറയാന്‍ പോലും ജനങ്ങള്‍ക്ക് മടിയായിത്തീരുകയും പകരം മദീന സന്ദര്‍ശിക്കുകയായിരുന്നു എന്ന് പറയേണ്ട അനിവാര്യ സ്ഥിതി വിശേഷം വന്നണയുകയും ചെയ്തു.എന്നാല്‍ ഇവയെല്ലാം ഇസ്ലാമിക നിയമ സംഹിതയുടെ ഉപ ഘടകങ്ങളാണെന്നതില്‍ സന്ദേഹമില്ല.മാത്രമല്ല നബി(സ്വ)യുടെ ചര്യയുടെ ഭാഗങ്ങളുമാണ്.

നബി(സ്വ)യുടെ ഉമിനീര്‍, മുടി, മറ്റു അവശിഷ്ടങ്ങളെല്ലാം സ്വഹാബികള്‍ ബര്‍കത്ത് ലഭിക്കാന്‍ വേണ്ടി ഉപയോച്ചിരുന്നു.അബു മൂസ(റ)വിനും മറ്റു ചില സ്വാഹാബികള്‍ക്കുമായി നബി(സ്വ)തന്റെ മുടി വിഹിതം വെച്ചിരുന്നു.ഈ സംഭവങ്ങളൊക്കെയും സ്വഹീഹായ ഹദീസുകളിലും ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തപ്പെട്ടതും ആരും നിഷേധിക്കാത്തവായുമാണ്.

നബി(സ്വ)ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചപ്പോള്‍ മുടി കളയുകയും അവ അബൂ ത്വല്‍ഹ(റ)വിന് നല്‍കുകയും അദ്ദേഹം അവ മറ്റു സ്വഹാബി
കള്‍ക്ക് കൂടി വിഹിതം വെച്ചു നല്‍കിയെന്നും ഇമാം ബുഖാരി(റ)റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാവുന്നതാണ്.  മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം നബി(സ്വ)യുടെ നഖം മുറിച്ച വേളയിലും അവ അബൂ ത്വല്‍ഹ(റ)വിന് നല്‍കുകയും അദ്ദേഹം അവ കൂടെയുള്ളവരോടൊപ്പം വിഹിതം വെക്കുകയും ചെയ്തിരുന്നു.

നബി(സ്വ)തന്റെ മുടിയും മറ്റും സ്വഹാബികള്‍ക്ക് വിഹിതം വെച്ചു നല്‍കിയതും അവര്‍ മാത്സര്യ ബുദ്ധിയോടെ അതിനു വേണ്ടി ആഗ്രഹിച്ചതുമെല്ലാം തിരുനബിയുടെ ബര്‍കത്ത് ലഭിക്കുവാന്‍ വേണ്ടിയായിരുന്നല്ലോ..!അല്ലാതെ ഇതിലൂടെ നബി(സ്വ)ശിര്‍ക്കിലേക്കും കുഫ്‌റിലേക്കും ജനങ്ങളെ വഴി നടത്തുകയാണോ ചെയ്തത്...!?
എന്നാല്‍ ചിലരുടെ മാനസിക തോന്നലുകള്‍ ഇതിലും എത്രയോ അപകടകരമായ അവസ്ഥയിലേക്കാണ് അവരെ കൊണ്ടെത്തിച്ചത്,വഹാബി ആശയങ്ങള്‍ അംഗീകരിക്കാത്തവരിലെല്ലാം അവര്‍ അവിശ്വാസ മുദ്ര കുത്തുകയും അത്തരക്കാരെ മാനസികമായി തൃപ്തിപ്പെടുന്നവരും ഇസ്ലാമില്‍ പെട്ടവരല്ല എന്ന് പ്രഖ്യാപിച്ചു.ഇസ്ലാമിക രാഷ്ട്രീയ വാദവുമായി വന്ന മറ്റു ചിലര്‍ വോട്ടിംഗ് സമ്പ്രദായത്തിലൂടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതും ഇസ്ലാമിക വിരുദ്ധവും സത്യ നിഷേധവുമാണെന്ന പ്രസ്താവനയിറക്കി.സയ്യിദ് കുതുബ് രംഗപ്രവേശം ചെയ്തതോടെ ഇവരുടെ വാദങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ഒത്തിരി രചനകളും അദ്ദേഹം നിര്‍വഹിച്ചു.

ഇവയെല്ലാം കൂട്ടികുഴച്ച് മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബിന്റെ ആശയങ്ങളിലേക്ക് കൂടെ ചേര്‍ത്തുവെക്കുമ്പോള്‍ രൂപപ്പെടുന്ന സിദ്ധാന്തം മൊത്തത്തില്‍ 'സലഫിസം' എന്ന പേരില്‍ അറിയപ്പെടുന്നു.സലഫിസം മുന്നോട്ട് വെക്കുന്ന ന്യായങ്ങളുടെയും വിധികളുടെയും അടിസ്ഥാനത്തില്‍ അവരുടെ സരണിയില്‍ ഇഴചേരാത്തവരെയെല്ലാം ഇസ്ലാമിന്റെ ചട്ടക്കൂടിന് പുറത്ത് നില്‍ക്കേണ്ടിവരുമെന്നതില്‍ സന്ദേഹമില്ല.സലഫിസത്തിന്റെ വരവോടു കൂടെ മുന്‍കാലങ്ങളില്‍ ഭരണാധികാരികള്‍ പോലും തങ്ങളുടെ അവസാന വാക്കായി കണ്ടിരുന്ന സമൂഹത്തിലെ ഉന്നതരായ കര്‍മ്മശാസ്ത്ര പണ്ഡിതന്മാരുടെ വാക്കുകള്‍ക്ക് വിലയില്ലാതായി.ആയത്തുകളും ഹദീസുകളും അടങ്ങുന്ന കൃത്യമായ തെളിവുകളുടെ വെളിച്ചത്തില്‍ മാത്രം പ്രശ്‌നങ്ങളുടെ പരിഹാരം കണ്ടെത്തുന്ന പണ്ഡിതന്മാരെ അവര്‍ പാര്‍ഷ്വവത്കരിച്ചത് കൊളോണിയല്‍ കാലത്തെ കൃസ്ത്യന്‍ ഭരണാധികാരികള്‍ക്കും വലിയ ആശ്വാസമായി മാറി.ഒടുവില്‍ വിവരമില്ലാത്തവര്‍ വിധി പറയാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു.

ഇസ്ലാമിക നാടുകളിള്‍ ശത്രുക്കള്‍ മെനഞ്ഞ കുതന്ത്രങ്ങള്‍

സജീവമായ ഇസ്ലാമിക അന്തരീക്ഷവും ചരിത്ര പാരമ്പര്യവുമുള്ള ഇസ്ലാമിക രാജ്യങ്ങളെ തകിടം മറിക്കുകയെന്നത് അമേരിക്കയുടെ മുഖ്യ ഒളിയജണ്ടകളില്‍ ഒന്നായിരുന്നു.അതിലേക്കുള്ള ചവിട്ടുപടിയായി സോവിയറ്റ് യൂണിയനെതിരെയുള്ള യുദ്ധമായിരുന്നു അവര്‍ തിരഞ്ഞെടുത്തത്.ഇസ്ലാമിക രാജ്യങ്ങളിലെ യുവാക്കളെയെല്ലാം അഫ്ഗാനിസ്ഥാനിലേക്ക് വിളിച്ചു കൂട്ടുകയും അവര്‍ക്ക് കൃത്യമായ ആയുധ പരിശീലനം നല്‍കുകയും ചെയ്തു.അമേരിക്കയില്‍ വളരുന്നത് സയണിസ്റ്റ് ലോബികളാണെന്നതും റഷ്യയിലേത് ഭൂരിഭാഗവും ഓര്‍ത്തഡോക്‌സ്‌കളാണെന്നതുമുള്ള വ്യത്യാസം മാറ്റിവെച്ചാല്‍ മുസ്ലിങ്ങളെ സംബന്ധിച്ചെടുത്തോളം ഇരുവരും സത്യനിഷേധികള്‍ തന്നെയായിരുന്നു എന്നത് പച്ചയായ ഒരു യാഥാര്‍ഥ്യമായിരുന്നു.ഏതായാലും അഫ്ഗാനിസ്ഥാന്‍ കേന്ദ്രമാക്കിയുള്ള അമേരിക്കയുടെ ആദ്യശ്രമം വിജയം കണ്ടു,സോവിയറ്റ് യൂണിയന്‍ അതികം വൈകാതെ തകര്‍ന്നു തരിപ്പണമായി,ശേഷം മുസ്ലിങ്ങളിലെ തീവ്ര ചിന്താഗതിക്കാരും അല്ലാത്തവരും തമ്മില്‍ പരസ്പരം പോരടിക്കാന്‍ തുടങ്ങി.അബ്ദുല്ലാഹി ബ്‌നു ഹസ്മും അദ്ദേഹത്തിന്റെ രണ്ടു മക്കളും അപ്രകാരം മുസ്ലിം ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ജീവഹാനി സംഭവിച്ചവരായിരുന്നു.എന്നിരുന്നാലും പ്രസ്തുത വിഷയങ്ങളില്‍ നേരിട്ട് ബന്ധമുള്ള ചില സുഹൃത്തുക്കള്‍ എന്നോട് പങ്കുവെച്ചത് പ്രകാരം പ്രശ്‌നം പരിഹരിക്കാനായി മുസ്ലിം വേള്‍ഡ് ലീഗ് ഒരു സംഘത്തെ നിയോഗിക്കുകയും അവര്‍ അത് പരിഹരിക്കുകയും ചെയ്തുവത്രെ.

എന്നാല്‍ പിന്നീട് താലിബാനികള്‍ പുതിയ ഒരു നിയമ വ്യവസ്ഥയുമായി കടന്നു വരികയുണ്ടായി.ബാഹ്യാര്‍ത്ഥത്തില്‍ അവര്‍ ഹനഫി മദ്ഹബ് അനുസരിക്കുന്നവരാണെങ്കിലും അതോടൊപ്പം യുക്തിക്ക് നിരക്കാത്തതും സൂക്ഷ്മതക്കെതിരായതുമായ പുതിയ പലതും അവര്‍ കൂട്ടിക്കെട്ടുകയും ശാഖാ പരമായ വിഷയങ്ങളില്‍ തീവ്രമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.ശക്തമായ കെട്ടുറപ്പോടെ ഒരു മുസ്ലിം രാഷ്ട്രം സ്ഥാപിക്കുക പോലോത്ത സമകാലിക ലോകത്ത് മുസ്ലിം ചെയ്യേണ്ട അനിവാര്യമായ പലതും ഉപേക്ഷിക്കുകയും പകരം സ്ത്രീകളും ഹിജാബുമൊക്ക മുഖ്യ ചര്‍ച്ചാ വിഷയമായി.സ്ത്രീകള്‍ വിദ്യാസമ്പന്നരാകുന്നത് തടഞ്ഞുവെച്ചു,അവള്‍ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലൊന്നും ഇടപെടേണ്ടവളല്ലെന്നും വിട്ടിലെ ജോലികളില്‍ മാത്രം മുഴുകി ഒതുങ്ങി കൂടേണ്ടവളാണെന്നും വാശി പിടിച്ചു.

എതിരാളികളെ മുഴുവനും അവിശ്വാസികളാക്കുന്നവര്‍ അവരുടെ വാദങ്ങളെ പ്രബലപെടുത്തുന്ന ന്യായങ്ങള്‍ കണ്ടെത്തുവാന്‍ ഇസ്ലാമിക ചരിത്ര അവശേഷിപ്പുകള്‍ പരതിയെങ്കിലും അനുകൂലമായി ഒന്നും തന്നെ അവര്‍ക്ക് ലഭിച്ചില്ല.അവര്‍ ഏറെ തീവ്രതയോടെ സമീപിച്ച പല വിഷയങ്ങളും ഫലത്തില്‍ ഇസ്ലാമിന്റെ വിശ്വാസകാര്യങ്ങളെ തെല്ലും ബാധിക്കാത്തവയായിരുന്നു.ഉദാഹരണമായി അഫ്ഗാനിസ്ഥാനിലെ ബുദ്ധന്റെ പ്രതിമകളും ഈജിപ്തിലെ ഫറോവമാരുടെ  ശവകുടീരങ്ങളുമെല്ലാം ഇസ്ലാമിന്റെ ആദ്യകാലങ്ങളില്‍ കാര്യമായ ചര്‍ച്ചാ വിഷയമായിരുന്നില്ല,പകരം അവ അല്ലാഹുവിന്റെ ഖുദ്‌റത്തിനുള്ള ദൃശ്ടാന്തങ്ങള്‍ മാത്രമായിട്ടാണ് പരിഗണിക്കപ്പെട്ടത്. അക്രമിയായ ഫറോവയുടെ ജഡം അല്ലാഹു അവശേഷിപ്പിച്ചത് പിന്‍കാമികള്‍ക്ക് ദൃശ്ടാന്തമാവാന്‍ വേണ്ടിയാണെന്നത് വിശുദ്ധ ഖുറാനിലെ യൂനുസ് അധ്യായത്തിലെ തൊണ്ണൂറ്റി രണ്ടാം സൂക്തത്തിലൂടെ വ്യക്തമാവുന്നതുമാണ്.എന്നാല്‍ ഫറോവയടക്കമുള്ള അതിക്രമകാരികള്‍ ഇസ്ലാമിനെ ഉള്‍കൊണ്ടിന്നെങ്കില്‍ അവര്‍ അത് സ്വീകരിക്കുമായിരുന്നു,മറിച്ച് ഇസ്ലാമിനെ ക്രൂശിക്കുകയും മുസ്ലിങ്ങളെ ദൈവ നിഷേധികളെന്ന് അധിക്ഷേപിക്കുകയും ചെയ്ത അവരുടെ അവശേഷിപ്പുകള്‍ പാടേ സംഹരിക്കണമെന്ന താലിപാനി തീവ്ര പ്രസ്ഥാനക്കാരുടെ വാദം പശ്ചാത്യ രാജ്യക്കാരുടെ ഇസ്ലാമിനോടുള്ള അറുപ്പും വെറുപ്പും വര്‍ദ്ധിപ്പിക്കുകയും ഭാവിയില്‍ ഭാവിയില്‍ അമേരിക്ക,യൂറോപ്പ് എന്നിവിടങ്ങളില്‍ മുസ്ലിങ്ങളെ അവശേഷിപ്പിക്കുന്നതില്‍ ഭയം ഉടലെടുക്കാനുള്ള മുഖ്യ കാരണവുമായിത്തീര്‍ന്നു.

അഫ്ഗാനില്‍ നിന്നും ആയുധ പരിശീലനങ്ങള്‍ ലഭിച്ച വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ചെറുപ്പക്കാര്‍ അവരുടെ സ്വന്തം നാടുകളിലേക്ക് മടങ്ങിയപ്പോള്‍ സ്ഥിതിഗതികള്‍ മാറി മറിയുകയായിരുന്നു.സ്വന്തം രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്കെതിരെ  പ്രക്ഷോഭങ്ങള്‍ നയിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങി.അഫ്ഗാന്‍ അനുഭവങ്ങളായിരുന്നു അവര്‍ക്ക് അതിന് ധൈര്യം നല്‍കിയത്.എന്നാല്‍ അവിടങ്ങളിലെ ഭരണകൂടങ്ങളും നിശബ്ദരായില്ല.പ്രോക്ഷോപകാരികളെ ഓരോന്നായി തടവറകളില്‍ അടച്ചു പൂട്ടി.ഒടുവില്‍ അവശേഷിച്ച ചുരുക്കം ആളുകള്‍ അവര്‍ക്ക് സാധ്യമായ രൂപങ്ങളിലെല്ലാം പോരാട്ടങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു.അതോടു കൂടെ മുസ്ലിം നാടുകളിലെ സമാദാന അന്തരീക്ഷം ഇല്ലായ്മ ചെയ്യുക, മുസ്ലിം സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുക പോലോത്ത അമേരിക്കയുടെ ലക്ഷ്യങ്ങള്‍ ഒരു പരിധി വരെ വിജയം കാണുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ സോഷ്യലിസത്തോട് പൊരുതാനായി അമേരിക്ക അവരുടെ തന്നെ സൈന്യത്തെയായിരുന്നു ഉപയോഗിക്കേണ്ടത്.കാരണം സത്യനിഷേധികളോട് യുദ്ധം ചെയ്യുന്ന മുസ്ലിങ്ങളെ സംബന്ധിച്ച് സോഷ്യലിസത്തോട് യുദ്ധം ചെയ്യുന്നതും മുതലാളിത്തത്തോട് യുദ്ധം ചെയ്യുന്നതും തുല്യമാണ്.അതോടൊപ്പം ലോകത്തെ പല ഇസ്ലാമിക രാജ്യങ്ങളടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളും സോഷ്യലിസ്റ്റ് സാമ്പത്തിക രീതി ശാസ്ത്രമനുസരിക്കുന്നവരും അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ താലോലിക്കുന്ന മുതലാളിത്ത സാമ്പത്തിക ശാസ്‌ത്തെ ശക്തിയുക്തം എതിര്‍ക്കുന്നവരുമാണ്.

എന്നാല്‍ ഇതൊന്നും തന്നെ ഇസ്ലാം അംഗീകരിക്കുന്ന സാമ്പത്തിക ശാസ്ത്രങ്ങളല്ല.ഇസ്ലാം ഒരാളുടെയും ഉടമസ്ഥാവകാശത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ കൈകടത്തലുകള്‍ നടത്തുന്നില്ല,മറിച്ച് ഇസ്ലാമിന്റെ അടിസ്ഥാന നിയമങ്ങളില്‍ മുഖ്യമായ 'ഇസ്ലാമില്‍ ബുദ്ധിമുട്ടും ബുദ്ധിമുട്ടിക്കലും ഇല്ല' എന്ന ചട്ടക്കൂടില്‍ നിന്നു കൊണ്ട് ഓരോരുത്തരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുവാനും അന്യായവും അത്യാഗ്രഹവും തടയുവാനും മാത്രമാണ് ഉടമസ്ഥാവകാശങ്ങളില്‍ കൈകടത്താറുള്ളത്.അതിലൂടെ മറ്റൊരാളുടെ ഇടപാടുകളില്‍ ആധിപത്യം ചെലുത്താതെ തന്നെ നന്മയ്ക്കായി കൈകോര്‍ക്കുക എന്ന സുന്ദരമായ ആശയം നടപ്പിലാവുകയും ചെയ്യുന്നു.വിശുദ്ധ ഖുര്‍ആനിലെ 'മാഇദ' അധ്യായത്തിലെ രണ്ടാമത്തെ സൂക്തത്തിലൂടെ ഇസ്ലാമിന്റെ ഉന്നതമായ ഈ ആശയങ്ങളൊക്കെയും വ്യക്തമാവുന്നതുമാണ്.മനുഷ്യന്റെ ഇടപാടുകളില്‍ മുഴുവനും  പരസ്പര ബഹുമാനവും നന്മയും ഉപകാരവും വിട്ടു വീഴ്ച്ചയും സഹ്ഷ്ണുതയുമൊക്കെയാണ് ഇസ്ലാം ആഹ്വനം ചെയ്യുന്നത്.

സോവിയറ്റ് റഷ്യയോടുള്ള യുദ്ധത്തിനായി സാധാരണക്കാര്‍ക്ക് പകരം അമേരിക്കക്ക് തങ്ങളുടെ സൈന്യത്തെയോ മറ്റു രാജ്യങ്ങളിലെ സൈന്യത്തെയോ ഉപയോഗിക്കാമായിരുന്നു.എന്നാല്‍ ഇന്ന് കാണപ്പെടുന്ന അസമാധാന അന്തരീക്ഷം ഉണ്ടാകുമായിരുന്നില്ല.

അഫഗാനിലേക്ക് മടങ്ങിയെത്തിയ മുസ്ലിങ്ങള്‍ക്ക് അഭയം നഷ്ടപ്പെട്ടപ്പോള്‍ അവര്‍ ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന അമേരിക്കയിലേക്കും മറ്റു യൂറോപ്യന്‍ നാടുകളിലേക്കും പലായനം ചെയ്യുകയായി.എന്നാല്‍ അമേരിക്കയും ഫ്രാന്‍സുമടങ്ങുന്ന പല രാജ്യങ്ങളും മുസ്ലിങ്ങളുടെ പലായനത്തെ ഭീതിയോടെയാണ് നോക്കി കണ്ടത്.അതോടൊപ്പം കൃസ്താബ്ദം 2025 ആവുമ്പൊയേക്കും ഫ്രാന്‍സില്‍ ഒരു മുസ്ലിം പ്രസിഡന്റ് തന്നെ വന്നേക്കാം എന്ന സര്‍കോസിയുടെ പ്രസ്താവന ബ്രിട്ടന്‍,ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ മുസ്ലിം പലായനത്തോടുള്ള ഭയത്തിന് ആക്കം കൂട്ടി.അറബ് രാജ്യങ്ങളിലെ മുസ്ലിം ജന സംഖ്യ വര്‍ദ്ധനവില്‍ ഏറെ ആശങ്കപ്പെടുന്ന ഈ രാജ്യക്കാര്‍ അവരുടെ സ്വന്തം നാടുകളിലും അത് സംഭവിക്കുന്നതിനെ അത്യതികം ഭയക്കുക സ്വാഭാവികം മാത്രമാണ്.അറബ് രാജ്യങ്ങളിലെ ഇസ്ലാമിന്റെ ശക്തമായ വ്യാപനവും വളര്‍ച്ചയും അവിടങ്ങളിലെ പെട്രോളും മറ്റു ഗണികളുമുള്‍പ്പെടെയുള്ള പ്രകൃതി സമ്പത്ത് മുഴുവനും അവരുടെ ഉടമസ്ഥതയിലാവുന്നത് യൂറോപ്യന്‍ രാജ്യങ്ങളുടെ എക്കാലത്തെയും പേടി സ്വപനമായിരുന്നു.

എന്നാല്‍ ഇതെല്ലാം തന്നെയും മറികടക്കാനുള്ള കുതന്ത്രങ്ങള്‍ അമേരിക്കക്ക് നന്നായി അറിയാമായിരുന്നു.
അതിനായി ഇസ്രായേലുകാരെ ഫലസ്തീനിലേക്ക് പറഞ്ഞയച്ച ബ്രിട്ടനെ അനുകരിച്ചു കൊണ്ട് അമേരിക്കയും നേരത്തെ ഒറ്റപ്പെട്ടുപോയ മുസ്ലിം സഹോദരങ്ങളെയെല്ലാം ഈജിപ്ത്,തുനീഷ്യ,ലിബിയ എന്നിവടങ്ങളിലേക്ക് പറഞ്ഞയച്ചു.പക്ഷെ,അമേരിക്ക കണ്ട സ്വപ്നം പൂവണിഞ്ഞില്ല,അവിടങ്ങളില്‍ ഇസ്ലാമിക ഖിലാഫത്തിനായി അവരാരും ശബ്ദിക്കുകയോ പ്രക്ഷോഭത്തിനിറങ്ങുകയോ ചെയ്തില്ല.പൂര്‍ണ്ണമായി ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക നിലവിലെ സാഹചര്യങ്ങളില്‍ എളുപ്പമല്ല എന്നത് യഥാര്‍ത്ഥത്തില്‍ അമേരിക്കക്കും നന്നായി അറിയാമായിരുന്നു.
സൗദി,യമന്‍,ലിബിയ,ഇറാക്ക്,സിറിയ,ഇറാന്‍ എന്നിവിടങ്ങളിലൊക്കെയും പല തരത്തിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നു.

ഇറാനെ അമേരിക്ക ഭീഷണിപ്പെടുത്തുന്നുവെങ്കിലും ഇറാനെ തകര്‍ക്കുക അവരുടെ ലക്ഷ്യമല്ല തന്നെ,കാരണം ഇറാനെ തകര്‍ക്കുന്നത് അമേരിക്കയുടെ തന്നെ നന്മയെ ബാധിക്കുന്ന വിഷയമാണ്.പക്ഷെ അറബ് രാജ്യങ്ങളെ സംരക്ഷിക്കാനാഗ്രഹിക്കുന്നു എന്ന അമേരിക്കയുടെ വാദം തികച്ചും വസ്തുതക്ക് വിരുദ്ധമാണ്.അവസരം ലഭിച്ചാല്‍ അറബ് രാജ്യങ്ങളെ ഇല്ലായ്മ ചെയ്യാനും അവിടങ്ങളില്‍ പ്രശ്‌നങ്ങള്‍ വിതക്കാനുമാണ് അവര്‍ ഉദ്ദേശിക്കുന്നത്,കാരണം അതിലൂടെ മാത്രമേ അവരുടെ കണ്ണിലെ കരടായ ഇസ്ലാമിനെ അവര്‍ക്ക് ഇല്ലായ്മ ചെയ്യാന്‍ സാധിക്കുകയുള്ളൂ.ഷെയ്ഖ് ഇബ്രാഹിം നിയാസ് പറഞ്ഞത് പോലെ ഇസ്ലാമിക ശാക്തീകരണം അറബികള്‍ അല്ലാത്തവരിലൂടെയാണ് നടക്കുക എങ്കിലും അറബികള്‍ ഇല്ലാതാവുമ്പോള്‍ ഇസ്ലാമും ഇല്ലാതാവുന്നതാണ്.

പ്രസ്തുത സംഭവങ്ങളില്‍ സൂഫികളുടെ പങ്കും നിലപാടും

പ്രസ്തുത സംഭവങ്ങളില്‍ കര്‍മ്മ ശാസ്ത്ര പണ്ഡിതര്‍ക്ക് കാര്യമായ പങ്കുകള്‍ ഇല്ല എന്നത് പോലെ തന്നെ സൂഫികള്‍ക്കും പ്രത്യേക പങ്കുകള്‍ ഉണ്ടായിരുന്നില്ല.അതിനര്‍ത്ഥം രണ്ട് വിഭാഗവും ആശയപരമായി തുല്യരെന്നല്ല.കര്‍മ്മ ശാസ്ത്ര പണ്ഡിതര്‍ മതത്തിന്റെ ബാഹ്യ വിഷയങ്ങളും സൂഫികള്‍ ആന്തരിക വിഷയങ്ങളുമാണ് പരിഗണിക്കാറുള്ളത്.സൂഫികള്‍ പൊതു വിഷയങ്ങളില്‍ ഇടപെടല്‍ കുറവായത് കൊണ്ട് അവര്‍ എണ്ണത്തില്‍ കുറവാണ് എന്ന് തോന്നപ്പെടാറുണ്ട്.എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലോകത്ത് കര്‍മ്മ ശാസ്ത്ര പണ്ഡിതരേക്കാള്‍ സൂഫികളാണ് കൂടുതലുള്ളത്.ഭൂരിഭാഗം മുഫസ്സിരീങ്ങളും കര്‍മ്മശാസ്ത്ര പണ്ഡിതന്മാരും സൂഫികളായിരുന്നു.ഇബ്‌നു തയ്മിയ്യയും ഇബ്‌നു ഖുദാമയും ഇബ്‌നുല്‍ ഖയ്യിമും ഇബ്‌നു റജബുമെല്ലാം സൂഫികളില്‍ പെട്ടവരാണ്.മാത്രമല്ല സൂഫിസത്തിന്റെ പേരിലാണ് ലോകത്തെ കൂടുതല്‍ ഇസ്ലാമിക സംഘടനകളും നിലകൊള്ളുന്നത്.

സൂഫിസത്തിന്റെ ആശയങ്ങളുള്‍ക്കൊള്ളുന്ന ചലനാത്മകമായ ആദ്യ ഇസ്ലാമിക പ്രസ്ഥാനം രൂപീകരിച്ചത് ഹസനുല്‍ ബന്നയായിരുന്നു.തന്റെ യുവത്വ കാലത്ത് തന്നെ ശാദുലി ത്വരീഖത്തില്‍ അംഗമായതോടെ അദ്ദേഹം സൂഫിസത്തില്‍ മുഴുകിയിരുന്നു.പിന്നീട് ഇഖ്-വാനി വിദ്യാഭ്യാസ പാഠ്യ പദ്ധതിയില്‍ അദ്ദേഹം പ്രശസ്തമായ ധാരാളം വിഷയങ്ങള്‍ ഉള്‍പെടുത്തുകയുണ്ടായി.ഇബ്‌നു അതാഉല്ലാഹി സിഗന്ധരിയുടെ ശറഹുല്‍ ഹികം,ഹാരിസുല്‍ മുഹാസിബിയുടെ രിസാലതുല്‍ മുസ്തര്‍ഷിഷിദീന്‍,ഇമാം ഗസ്സാലിയുടെ ഇഹ്യാ ഉലൂമുദീന്‍,ഇബ്‌നു ഖുദാമയുടെ മുഖ്തസറു മിന്ഹാജുല്‍ ഖാസിദീന്‍ എന്നിവ അവയില്‍ പ്രധാനപ്പെട്ടവയായിരുന്നു.നിരന്തരമായ ആത്മീയ ശിക്ഷണത്തിലൂടെ പരിശീലനങ്ങളിലൂടെയും സൂഫിസത്തിന്റെ ഉന്നത തലങ്ങളിലേക്ക് ഹസനുല്‍ ബന്നക്കും ഉയരാന്‍ സാധിച്ചിരുന്നു.സൂഫി ജീവിതം തനിക്ക് സമ്മാനിച്ച അനുഭവങ്ങളിലൂടെ തന്റെ കീഴിലുള്ള സംഘത്തെയും ആ പാതയില്‍ വഴി നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

എന്നാല്‍ സൂഫികള്‍ ദുന്‍യാവിന്റെ വിഷയങ്ങളില്‍ ഒന്നും തന്നെ ചിന്തിക്കുകയോ ഇടപെടുകയോ അരുതെന്ന ചിലരുടെ വാദങ്ങള്‍ വസ്തുതാ വിരുദ്ധമാണ്,വിശുദ്ധ ഖുര്‍ആനിലെ ആലു ഇമ്രാന്‍-200,അമ്പിയാ-78,മുഹമ്മദ്-7,ഹജ്ജ്-39-41,അന്‍ഫാല്‍-20-21,24-24,60-61,ഹശ്ര്‍19-20 എന്നീ സൂക്തങ്ങളും ഇവയോട് സാദൃശ്യമായ മറ്റു സൂക്തങ്ങളും ഹദീസ് വചനങ്ങളുമെല്ലാം യുദ്ധത്തിലേക്കും മാനസികമായെങ്കിലും അതിന് തയ്യാറെടുക്കണമെന്നും മുഴുവന്‍ സത്യവിശ്വാസികളോടും ആഹ്വനം ചെയ്യുന്നവയാണ്,അവരില്‍ നിന്നും സൂഫികളെ മാത്രം അല്ലാഹു മാറ്റി നിര്‍ത്തിയിട്ടില്ല.എന്നാല്‍ ഈ അബദ്ധജടിലമായ ധാരണ കാലങ്ങളോളമായി സൂഫി സരണികളിലൂടെ വരുന്നവരില്‍ ഭൂരിഭാഗം ആളുകളുടെയും മനസ്സുകളില്‍ ഉറച്ചു പോയിരിക്കുകയാണ്.അതിന്റെ ഫലമായാണ് ഇന്ന് ഇസ്ലാം പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നതും,ഇസ്ലാമിക നാടുകളഖിലവും ഐക്യം നഷ്ടപ്പെട്ട് ഭിന്നിച്ച അവസ്ഥയിലാണ്.വിശുദ്ധ ഖുര്‍ആനിലെ അന്‍ഫാല്‍-15-16, 45-46, ആലു ഇമ്രാന്‍-102-103,104-105, 110, മുസ്ലിം സമുദായം അനുവര്‍ത്തിക്കേണ്ട ഐക്യത്തെ കുറിച്ചും മറ്റു പ്രവര്‍ത്തനങ്ങളെ കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.

ഇസ്ലാമിക രാജ്യങ്ങളുടെ ശക്തിയൊക്കെയും ചോര്‍ന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സൂഫികളടക്കമുള്ള മുഴുവന്‍ മുസ്ലിങ്ങളും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കല്‍ വളരെ അനിവാര്യമായിരിക്കുന്നു.ഓരോരുത്തര്‍ക്കും അവരുടെതായ കയ്യൊപ്പുകള്‍ പലയിടങ്ങളിലായ് നടത്താന്‍ കഴിയുമെന്നത് തീര്‍ച്ചയാണ്.

അറബ് വസന്തത്തിന് ശേഷത്തെ ഇസ്ലാമിക സമൂഹത്തിന്റെ അധഃപതനം

ഈജിപ്ത്,ലിബിയ എന്നിവിടങ്ങളിലെ അറബ് വസന്ത വിപ്ലവങ്ങള്‍ക്ക് ശേഷം ഇസ്ലാമിക രാജ്യങ്ങളുടെ സ്ഥിതിഗതികള്‍ വളരെയധികം വഷളായികൊണ്ടിരിക്കുകയാണ്.ഒരു രാജ്യം സജീവവാക്കുകയാണ് ലക്ഷ്യമെങ്കില്‍ അവിടെയെന്തിന് രക്തചൊരിച്ചിലുകള്‍ സംഭവിക്കണം....!?കാരണങ്ങള്‍ ഒന്നുമില്ലാതെ മുസ്ലിങ്ങള്‍ എന്തിനാണ് പരസ്പരം പോരടിക്കുന്നതും കൊല ചെയ്യുപ്പെട്ടുകൊണ്ടിരിക്കുന്നതും....!? ഈ വക ചോദ്യങ്ങളെല്ലാം നമുക്ക് നല്‍കുന്ന വ്യക്തമായ മറുപടിയാണ് ഇതിനെല്ലാം പിന്നില്‍ അജ്ഞാതമായ ചില കരങ്ങള്‍ നിരന്തരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നത്.അത് കൊണ്ട് അഭിപ്രായ ഭിന്നതാക്കളെല്ലാം മറന്നു കൊണ്ടും പരസ്പരം ബഹുമാനിച്ചു കൊണ്ടും വിശുദ്ധ ഇസ്ലാമിന് വേണ്ടി നില നില്‍ക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.

തീജാനി,കാദിരി,മറ്റു ത്വരീകത്തുകള്‍ തമ്മിലുള്ള ബന്ധവും ഇന്ത്യയിലെ തീജാനികളുടെ അവസ്ഥകളും

ഇന്ത്യയിലെ സൂഫി ത്വരീഖത് രീതികളില്‍ ചില പ്രശ്‌നങ്ങള്‍ കാണപ്പെടുന്നുവെന്ന് കേരളത്തിലെ ഒരു ഷെയ്ഖ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഡോ.മുഖ്താര്‍ എന്നവര്‍ പറയുന്നു:ഇന്ത്യയില്‍ ഏത് ത്വരീഖത് രീതി അവലംബിച്ചാലും അവരൊക്കെയും ഷെയ്ഖ് അബ്ദുല്‍ ഖാദര്‍ ജീലാനി(റ)വിനെ മധ്യവര്‍ത്തിയാക്കികൊണ്ട് അല്ലാഹുവിനോട് തേടണമെന്ന നിര്‍ബന്ധ അവസ്ഥ നിലനില്‍ക്കുന്നു.എന്നാല്‍ ഷെയ്ഖ് തീജാനി(റ) ജീലാനി(റ) അടക്കമുള്ള ലോകത്തെ മുഴുവന്‍ ഔലിയാക്കളെയും അംഗീകരിക്കാനും അവരെ സന്ദര്‍ശിക്കാനും മടി കാണിക്കാത്ത മഹാനായിരുന്നുവെന്ന വസ്തുത ഇന്ത്യക്കാരുള്‍പ്പെടെ എല്ലാവരും അറിഞ്ഞിരിക്കേണ്ട യാഥാര്‍ഥ്യമാണ്.ലോകത്തെ മുഴുവന്‍ മുസ്ലിങ്ങളുടെയും നേതാവായ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യെ സന്ദര്‍ശിക്കുമ്പോള്‍ ഓരോരുത്തരും അവിടുത്തോട് ആദരവ് പ്രകടിപ്പിക്കുകയും മറ്റു മര്യാദകളെല്ലാം പാലിക്കുകയും ചെയ്യേണ്ടതാണ്,അപ്രകാരം നാല് ഖലീഫമാരുള്‍പ്പെടെയുള്ള സ്വഹാബികളെ സന്ദര്‍ശിക്കുമ്പോയും പ്രസ്തുത മര്യാദകള്‍ പാലിക്കേണ്ടതാണ്.കാരണം ഔലിയാക്കളുടെ മഹത്വമെല്ലാം പ്രവാചകനും സ്വഹാബികള്‍ക്കും ശേഷം മാത്രമേ വരികയുള്ളൂ.

സമാപ്തം

മുസ്ലിം സമുദായത്തിന്റെ അധഃപതനം;പുനര്‍ വിചിന്തനം നടത്തേണ്ടിയിരിക്കുന്നു

ഇസ്ലാമിക ലോകത്തെ നിലവിലെ സാഹചര്യങ്ങളെ നാം കൃത്യമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഇസ്ലാമിന്റെ ശത്രുക്കള്‍ നിരന്തരമായി കുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരിക്കുന്നു.നൈജീരിയയുടെ നിലവിലെ അസമാദാനപരമായ അവസ്ഥ ഒരു ഉദാഹരണമാണ്.നൈജീരിയയുടെ ശക്തമായ ഇസ്ലാമിക സാഹചര്യത്തെ ഇല്ലായ്മ ചെയ്യാനായി ശത്രുക്കള്‍ ബര്‍ണോ സംസ്ഥാനം ആസ്ഥാനമാക്കി പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തുകയായിരുന്നു.അവിടുത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രസ്തുത വിഭാഗം ബോക്കോഹറാം എന്ന പേരിലാണ് അറിയപ്പെടുന്നത്.ആദ്യമായി തെരഞ്ഞെടുപ്പില്‍ തോല്‍വി സംഭവിച്ചവരുടെ സംഘടനക്കായിരുന്നു ബോക്കോഹറാം എന്ന പേരുണ്ടായിരുന്നത്, പിന്നീട് അത് കൃസ്ത്യന്‍ വിഭാഗത്തിന്റെ ഒരു സംഘടനക്കും പ്രസ്തുത നാമം ലഭിക്കുകയുണ്ടായി.പിന്നീടാണ് അതിന്റെ യഥാര്‍ത്ഥ ആളുകളും അതിന്റെ സ്വഭാവങ്ങളും പ്രത്യക്ഷത്തിലേക്ക് വന്നത്.ബോക്കോ എന്ന വാക്കിനര്‍ത്ഥം പ്രാഥമിക വിദ്യാഭ്യാസം ഉള്‍പ്പെടെ ഏഴ് വര്‍ഷക്കാലത്തെ വിദ്യാഭ്യാസമാണ്.തൗഹീദിലേക്കും ജിഹാദിലേക്കും ക്ഷണിക്കുന്ന ഈ പ്രസ്ഥാനം പല പേരുകളിലായി യമന്‍,ലിബിയ,സോമാലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു.