വാര്‍ത്തകള്‍

ഈദുല്‍ ഫിത്‌റ് നമസ്‌കാരത്തെ കുറിച്ച് ഒരു അവലോകനം

News photo

(1441 AH - 2020 വര്‍ഷത്തേക്ക്) കൊറോണ വൈറസ് കാലം;
ഷെയ്ക്ക് ഷെരീഫ് ഇബ്രാഹിം സാലിഹ് അല്‍ ഹുസൈനി
പരമ കാരുണ്യവാനായ അല്ലാഹുവിന്റെ നാമത്തില്‍;
അല്ലാഹുവിന്റെ അനുഗ്രഹങ്ങളും അഭിവാദ്യങ്ങളും നബി (സ) യുടെ മേല്‍ ഉണ്ടായിരിക്കട്ടെ,
എച്ച്.ആര്‍.എച്ച് അല്‍ഹാജി മുഹമ്മദു സഅദ് അബുബക്കര്‍ III, സി.എഫ്.ആര്‍ നൈജീരിയന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്‌സ് (എന്‍.എസ്.സി.ഐ.എ) പ്രസിഡന്റ് ജനറല്‍, നൈജീരിയന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫേഴ്‌സ്  (എന്‍.എസ്.സി.ഐ.എ), ജമാഅതുനഷ്രില്‍ ഇസ്ലാം (ജെ.എന്‍,ഐ) എന്നിവയുടെ ഫത്വ അംഗങ്ങള്‍, വ്യത്യസ്ഥ ഇസ്ലാമിക സമൂഹങ്ങളില്‍ നിന്നുള്ള ദേശീയ, അന്തര്‍ദ്ദേശീയ നേതാക്കള്‍ക്കള്‍ എന്നിവരുടെ ഇടയില്‍ 1441 AH, 2020 ലെ നിരവധി പേരുടെ ജീവന്‍ അപഹരിച്ച കൊറോണക്കാലത്തെ ഈദുല്‍ ഫിത്ര് എന്ന വിഷയത്തില്‍ സമഗ്രമായ ഇസ്ലാമിക ശരീഅത്തിന്റെ വീക്ഷണങ്ങള്‍ വിലയിരുത്താനുള്ള അഭ്യര്‍ത്ഥനക്കുള്ള പ്രതികരണമാണ് ഈ പ്രസിദ്ധീകരണം.
പൊതുസമ്മേളനങ്ങള്‍ പകര്‍ച്ചവ്യാധി പകരുന്നതിന് ഭീഷണിയല്ലെന്ന്, പ്രസിദ്ധീകരണത്തിന്റെ ഈ നിമിഷം വരെ അധികാരികളില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.  ശഅ്ബാന്‍ 23, 1441 AH (ഏപ്രില്‍ 16, 2020) ന,് സാമൂഹിക അകലം പാലിച്ചും സുരക്ഷാ നടപടികള്‍ പാലിച്ചും ദിവസേനയുള്ള അഞ്ച് പ്രാര്‍ത്ഥനകള്‍, ജുമ്അ, തറാവീഹ് എന്നീ പ്രാര്‍ത്ഥനകള്‍ നടത്താമെന്ന ഇസ്ലാമിക വിധി ഇപ്പോഴും പ്രാബല്യത്തിലുണ്ട്. കൊറോണക്കാലത്തെ ഈദുല്‍ ഫിത്റിന്റെ അവലോകനം ഈ പുതിയ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തും.
ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്ന പോലെ, ഈദുല്‍ ഫിത്‌റ് നിസ്‌കാരം തിരുമേനി (സ) കല്‍പിച്ചിട്ടുള്ള ധാരാളം പ്രതിഫലമുള്ള സുന്നത്താണ്.
ഈദ് നമസ്‌കാരം വലിയ തുറസ്സായ സ്ഥലങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്, അല്ലാതെ അടച്ചിട്ട പള്ളികളിലല്ല. ഈദ് നമസ്‌കാരത്തിന് ധാരാളം പുണ്യമുള്ളതിനാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പങ്കെടുക്കല്‍ സുന്നത്താണ്. ഈദ് നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനുമുമ്പ്, ഈന്തപ്പന കഴിക്കുന്നത് പോലുള്ള മറ്റു സുന്നത്തായ പ്രവൃത്തികള്‍ ചെയ്യുന്നതും ഭംഗിയുള്ള വസ്ത്രം ധരിക്കുന്നതും ഏറെ പുണ്യമുള്ളതാണ്.
കാലാവസ്ഥ, സുരക്ഷ, ആരോഗ്യം അല്ലെങ്കില്‍ നിലവിലെ കൊറോണ വൈറസ് പാന്‍ഡെമിക് പോലുള്ള ആശങ്കകള്‍ കാരണമായി തുറന്ന സ്ഥലങ്ങളില്‍ ഈദ് പ്രാര്‍ത്ഥന നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, പ്രഭാഷണമില്ലാതെ വീട്ടില്‍ വെച്ച് ഈദ് പ്രാര്‍ത്ഥന നടത്തല്‍ സുന്നത്താണ് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇസ്ലാമിന്റെ പ്രധാന ഭാഗങ്ങളായ ജീവനും സമ്പത്തും സംരക്ഷിക്കാന്‍ വേണ്ടി ഇന്ന് ലോകമെമ്പാടും യാത്രയും കച്ചവടവും നിശ്ചലമായിരിക്കുകയാണ്.
അല്‍ മുക്തസറിന്റെ രചയിതാവ് പുറപ്പെടുവിച്ച വിധിയില്‍ അദ്ദേഹം പറയുന്നു; 'ഈദ് നമസ്‌കാരത്തിന് ബാധ്യതയില്ലാത്തവനും, ഈദ് നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവനും'.
തന്റെ വ്യാഖ്യാനത്തില്‍ ഇമാമുല്‍ ഖര്‍ഷി വിശദീകരിച്ചത് ജമാഅത്ത് നമസ്‌കാരം നിര്‍ബന്ധമായിട്ടില്ലാത്ത ഒരാള്‍ക്ക് അല്ലെങ്കില്‍ ഒറ്റക്ക് ഈദ് നമസ്‌കാരിക്കാന്‍ ഉദ്ദേശിച്ചവന് മേല്‍പറഞ്ഞത് സുന്നത്താണ് എന്നാണ്.
മേല്‍പ്പറഞ്ഞ പ്രസ്താവനയെക്കുറിച്ച് മിനാഹുല്‍ ജലീലിന്റെ രചയിതാവ് (അതായത് അല്‍ മുക്താസറിന്റെ രചയിതാവ്) ഇങ്ങനെ പറഞ്ഞു: വീട്ടില്‍ ഈദ് നമസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവന് ഒറ്റക്കോ കൂട്ടമായോ നിസ്‌കരിക്കാം. ചുരുക്കത്തില്‍, തനിച്ചോ കൂട്ടമായോ രണ്ടാലൊരു രീതിയില്‍ ഈദ് നമസ്‌കരിച്ചിരിക്കണം. ഈ വിഷയത്തില്‍ പരിഗണിച്ച കാഴ്ചപ്പാടുകളില്‍ ഒന്ന് മാത്രമാണിത്.
മറ്റൊരു വീക്ഷണത്തില്‍, ഒറ്റക്ക് നിസ്‌കരിക്കുന്നത് കൂട്ടത്തില്‍ നിസ്‌കരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമുള്ളതാണ്. അബുല്‍ ഹസ്സന്‍, ഇബ്‌നു അര്‍ഫ, തൗളീഹിന്റെ രചയിതാവ് എന്നിവര്‍ പറയുന്നത് ഒരുനിലക്കും ഈദ് നമസ്‌കരിക്കല്‍ അനുവദനീയമല്ല എന്നാണ്.
 
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിലഷണീയമെന്ന് കരുതുന്നത്, ഒരാള്‍ തന്റെ കുടുംബത്തോടൊപ്പം വീട്ടില്‍ ഈദ് നമസ്‌കാരിക്കലാണ്.  ഇമാമുല്‍ ബുഖാരി റിപ്പോര്‍ട്ടുചെയ്ത അനസ് ബിന്‍ മാലിക് (റ) വില്‍ നിന്ന് തുടങ്ങുന്ന ഹദീസാണ് ഈ അഭിപ്രായത്തിന്റെ കാതല്‍. ഹദീസ് ഇങ്ങനെയാണ്: ഒരിക്കല്‍ ബസറയിലെ അസ്സാവിയ എന്ന സ്ഥലത്ത് വെച്ച് അനസ് ബ്‌നു മാലിക് (റ) തന്റെ കുടുംബത്തോടു കൂടെ വീട്ടില്‍ വെച്ച് ഈദ് നമസ്‌കരിച്ചു.
ഈദ് നമസ്‌കാരത്തില്‍ ഇമാം രണ്ട് റകഅത്തുകള്‍ നിര്‍വ്വഹിക്കുന്നു, ആദ്യത്തെ റക്അതില്‍ 7 തക്ബീര്‍, ഫാത്തിഹ, സൂറത്തുല്‍ അഅ്‌ലയോ മറ്റു ഏതെങ്കിലും സൂറത്തുകളോ പാരായണം ചെയ്യുകയും, രണ്ടാമത്തെ റക്അതില്‍ 5 തക്ബീര്‍, ഫാത്തിഹ, സൂറത്തുല്‍ ഖാഷിയയോ മറ്റു ഏതെങ്കിലും സൂറത്തോ പാരായണം ചെയ്യുക. വീടുകളിലായതിനാല്‍ നിസ്‌കാരത്തിന് ശേഷം ഖുത്ബ (പ്രഭാഷണം) നടത്തേണ്ടതില്ല.
ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയ സംസ്ഥാനങ്ങളില്‍, സാധാരണ പോലെ തുറന്ന സ്ഥലങ്ങളിലോ പള്ളികളിലോ ആയി ഈദ് നമസ്‌കരിക്കാം. രണ്ട് സാഹചര്യങ്ങളിലും, സാമൂഹ്യ അകലം, കൈ കഴുകല്‍, സാനിറ്റൈസറുകളുടെ ഉപയോഗം, ഫെയ്‌സ് മാസ്‌കുകള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ സുരക്ഷാ നടപടികളും പാലിക്കേണ്ടതാണ്. രോഗവ്യാപനം തടയലും രക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കലും സുന്നത്താണ്
വൈറസ് പടരുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തെ രക്ഷിക്കാന്‍ വേണ്ടി ഏതു സാഹചര്യത്തെയും വളരെ സസൂക്ഷമം മാത്രമേ കൈകാര്യം ചെയ്യാവൂ.
അവസാനമായി, വിവിധ സമുദായങ്ങളിലെ മുസ്ലിം നേതൃത്വത്തോട്  മുസ്ലിംകളുടെയും ഇസ്ലാമിന്റെയും ഐക്യം നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു: അല്ലാഹു പറയുന്നു:  അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഉറച്ചുനില്‍ക്കുക, ഭിന്നിക്കരുത്. ( ആലു ഇംറാന്‍ : 103).
 
ഓരോരുത്തരും രക്ഷാധികാരിയാണെന്നും തന്റെ കടമകള്‍ അവന്‍ നിര്‍വ്വഹിക്കണമെന്നും പ്രവാചകന്‍ (സ) പറഞ്ഞതായി അബ്ദുല്ല ബിന്‍ ഉമര്‍ (റ) റിപ്പോര്‍ട്ടുചെയ്ത ഹദീസ് വളരെ പ്രധാനപ്പെട്ടതാണ്. ഹദീസ് ഇങ്ങനെയാണ്: 'നിങ്ങള്‍ എല്ലാവരും രക്ഷാധികാരികളും നിങ്ങളുടെ കടമകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരുമാണ്. ഒരു ഭരണാധികാരി രക്ഷാധികാരിയും തന്റെ പ്രജകളുടെ മേല്‍ ഉത്തരവാദിത്ത്വമുള്ളവനുമാണ്; ഒരു മനുഷ്യന്‍ തന്റെ കുടുംബത്തിന്റെ രക്ഷാധികാരിയും അവരുടെ മേല്‍ ഉത്തരവാദിത്ത്വമുള്ളവനുമാണ്. സ്ത്രീ ഒരു രക്ഷാധികാരിയാണ്, ഭര്‍ത്താവിന്റെ വീടിനും അവന്റെ സന്തതികള്‍ക്കും ഉത്തരവാദിയാണ്; അതിനാല്‍ നിങ്ങള്‍ എല്ലാവരും രക്ഷാധികാരികളും നിങ്ങളുടെ കീഴിലുള്ളവരുടെ മേല്‍ ഉത്തരവാദികളുമാണ്. (ബുഖാരിയും മുസ്ലീമും)
അല്ലാഹു നമ്മെ വിജയത്തിലേക്ക് നയിക്കട്ടെ!
അല്ലാഹു നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..



ഷെയ്ഖ് ഷെരീഫ് ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി, നൈജീരിയന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫേഴ്‌സ് (എന്‍.എസ്.സി.ഐ.എ), ജമാഅതുനഷ്രില്‍ ഇസ്ലാം (ജെ.എന്‍.ഐ) എന്നീ ഫത്‌വ
കമ്മറ്റികളുടെ ചെയര്‍മാന്‍
റമദാന്‍ 27, 1441
2020 മെയ് 20
വിവര്‍ത്തനം: മുഹമ്മദ് മുജ്തബ (സാക്കിര്‍)

അഭിപ്രായങ്ങളൊന്നുമില്ല.
തിരിച്ചറിയല്‍ നിര്‍ബന്ധം

അഭിപ്രായം രേഖപ്പെടുത്താന്‍ ലോഗിന്‍ ചെയ്യുക.

ലോഗിന്‍