ഫത്‌വകള്‍

ഭരണത്തിലെ സ്ത്രീ പങ്കാളിത്തം

ഷെയ്ഖ് ഷെരീഫ് ഇബ്രാഹിം സ്വാലിഹ് അല്‍ഹുസൈനി August 30, 2020 ഇസ്ലാമിക് പഠനങ്ങൾ

നിരവധി പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്ന വിഷയമാണ് ഭരണത്തിലെ സ്ത്രീകളുടെ പങ്കാളിത്തം. ആദ്യത്തെ ഖലീഫ അബുബക്കര്‍ (റ) വിന്റെ കാലം മുതല്‍ തന്നെ ഈ തര്‍ക്കം ആരംഭിച്ചിട്ടുണ്ട്. നിലവില്‍, എന്റെ മാതൃരാജ്യമായ ഫെഡറല്‍ റിപ്പബ്ലിക്ക് ഓഫ് നൈജീരിയയിലും ഈ വിഷയം കാര്യമായി ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ വിഷയത്തെ ശരിയായ വീക്ഷണകോണില്‍ സ്ഥാപിക്കുന്നതിന് വേണ്ടി ഒരു നിര്‍ണ്ണായക ഫത് വ ആവിശ്യമാണ്.

ആമുഖം
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവിന്റെ സമാധാനവും അനുഗ്രഹവും നമ്മുടെ നബി മുഹമ്മദ് (സ) ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും സ്വഹാബികള്‍ക്കും ലഭിക്കട്ടെ.

നിരവധി പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്ന വിഷയമാണ് ഭരണത്തിലെ സ്ത്രീകളുടെ പങ്കാളിത്തം. ആദ്യത്തെ ഖലീഫ അബുബക്കര്‍ (റ) വിന്റെ കാലം മുതല്‍ തന്നെ ഈ തര്‍ക്കം ആരംഭിച്ചിട്ടുണ്ട്. നിലവില്‍, എന്റെ മാതൃരാജ്യമായ ഫെഡറല്‍ റിപ്പബ്ലിക്ക് ഓഫ് നൈജീരിയയിലും ഈ വിഷയം കാര്യമായി ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ വിഷയത്തെ ശരിയായ വീക്ഷണകോണില്‍ സ്ഥാപിക്കുന്നതിന് വേണ്ടി ഒരു നിര്‍ണ്ണായക ഫത് വ ആവിശ്യമാണ്.

ഇസ്‌ലാമില്‍ സ്ത്രീക്ക് പൊതുസ്ഥാനം വഹിക്കാന്‍ പറ്റില്ലെന്നാണ് ചില പണ്ഡിതര്‍ വാദിക്കുന്നത്. അവരുടെ വാദങ്ങളെ ന്യായീകരിക്കുന്നതിന് വേണ്ടി അവര്‍ ഖുര്‍ആനിലെയും മുഹമ്മദ് നബി (സ) യുടെയും വാക്യങ്ങള്‍ ഉപയോഗിക്കുന്നു. 

എന്നാല്‍, മറ്റു ചിലര്‍ വാദിക്കുന്നത് സ്തീകള്‍ക്കും പൊതുസ്ഥാനം വഹിക്കാമെന്നാണ്. അവരും അവരുടെ വാദങ്ങളെ ന്യായീകരിക്കുന്നതിന് വേണ്ടി ഖുര്‍ആനിലെയും മുഹമ്മദ് നബി (സ) യുടെയും വാക്യങ്ങള്‍ ഉപയോഗിക്കുന്നു.

നൈജീരിയയിലെ പല സ്‌റ്റേറ്റ്‌സില്‍ നിന്നുമുള്ള മുസ്‌ലിം സഹോദരീ സഹോദരന്മാര്‍ ഈ വിഷയത്തെ കുറിച്ച് ചോദിക്കുന്ന സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാനാണ് ഈ ചുമതല ഞങ്ങളെ ഏല്‍പ്പിച്ചത്. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും സമാനമായ ഭരണവ്യവസ്ഥകളിലും ദിനംപ്രതി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഈ വിഷയം വളരെ പ്രധാനമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അല്ലാഹു നല്‍കിയ മഹത്തരമായ വിജ്ഞാനത്തില്‍ നിന്ന് ഈ വിഷയത്തില്‍ നാം കൃത്യമായ ഒരു വിധി നല്‍കും, ഇന്‍ശാ അല്ലാഹ്.

ഭരണത്തിലെ സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയത്തില്‍ ഈ ഫത്്‌വ കൃത്യമായി വിശദീകരണമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലാഹു ഈ പ്രവൃത്തി അംഗീകരിക്കുകയും അതില്‍ വന്നു പോവുന്ന തെറ്റുകള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യട്ടെ. നാം പരിപൂര്‍ണ്ണരല്ലാത്തതുകൊണ്ട് നമുക്കും തെറ്റുകള്‍ സംഭവിക്കാം.  അല്ലാഹുവിന് നന്നായി അറിയാം.

ഷെയ്ഖ് ഷെരീഫ് ഇബ്രാഹിം സാലിഹ് അല്‍ ഹുസൈനി.
ദുല്‍ ഖഅദ്, 1431 AH  ഒക്ടോബര്‍ 2010
അബുജ, നൈജീരിയ 



പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവിന്റെ സമാധാനവും അനുഗ്രഹവും നമ്മുടെ നബി മുഹമ്മദ് (സ) ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും സ്വഹാബികള്‍ക്കും ലഭിക്കട്ടെ.

സ്ത്രീകള്‍ ഭരണത്തില്‍ പങ്കാളികളാകുന്നതിനെ എതിര്‍ക്കുന്ന പണ്ഡിതര്‍ പറയുന്നത്, ഇസ്്ലാം സ്ത്രീകളെ പൊതുസ്ഥാനങ്ങള്‍ വഹിക്കാനോ അതില്‍ പങ്കാളികളാകാനോ അനുവദിക്കുന്നില്ലെന്നാണ്. അതിന് തെളിവായി അവര്‍ പറയുന്നത് ഈ ആയത്താണ്.

الرجال قوامون على النساء

പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാവകാശമുള്ളവരാണ്(സൂറത്തുന്നിസാഅ്: 34) 

ബുഖാരി, തുര്‍മുദി, നസായി, അഹ്മദ് എന്നിവര്‍ അബീ ഭക്‌റ (റ) നെ തൊട്ട് ഉദ്ദരിച്ച ഹദീസും ഇതിന് ആധാരമാണ്. അദ്ദേഹം പറഞ്ഞു: പേര്‍ഷ്യയിലെ കിസ്റ രാജാവിന്റെ മരണവാര്‍ത്ത നബിയുടെ അടുത്തെത്തി. അപ്പോള്‍ നബി (സ) അടുത്ത രാജാവ് ആരാണെന്ന് ചോദിച്ചു. കിസ്റയുടെ മകളാണെന്ന് നബിയോട് പറഞ്ഞപ്പോള്‍ നബി ഇങ്ങനെ മറുപടികൊടുത്തു;      

لن يفلح قوم ولوا أمرهم إمرأة 

സ്ത്രീകളെ തങ്ങളുടെ ഭരണാധികാരികളാക്കുന്ന സമൂഹം ഒരിക്കലും വിജയിക്കുകയില്ല. (ബുഖാരി റിപ്പോര്‍ട്ട് ചെയ്തത്).
 
അദമാവ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം, ഈ വിഷയത്തില്‍ ഞങ്ങള്‍ ഇതിന് മുമ്പ് പുറപ്പെടുവിച്ച ഫത്് വയുടെ അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞ ആയത്തിന്റെയും ഹദീസിന്റെയും യഥാര്‍ത്ഥ അര്‍ത്ഥം നിര്‍ണ്ണയിക്കുന്നതിന് വേണ്ടിയാണ് ഈ വിഷയം ഞങ്ങളെ ഏല്‍പ്പിച്ചത്. ഇന്‍ഷാ അല്ലാഹ്, അല്ലാഹു നല്‍കിയ മഹത്തരമായ വിജ്ഞാനത്തില്‍ നിന്ന് ഈ വിഷയത്തില്‍ നാം കൃത്യമായ ഒരു വിധി നല്‍കും.

ആദ്യമായി മേല്‍പറഞ്ഞ സൂറത്തുന്നിസാഇലെ ഖുര്‍ആന്‍ വാക്യത്തില്‍ നിന്ന് നമുക്ക് ആരംഭിക്കാം. ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് നല്‍കേണ്ട സുരക്ഷിതത്ത്വവും പരിചരണവുമാണ് ഈ ആയത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. ആയത്തിന്റെ ഭാക്കി ഭാഗം തുടര്‍ന്നു വായിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാവും. 

الرجال قوامون على النساء بما فضل الله بعضهم على بعض وبما أنفقوا من أموالهم

പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാവകാശമുള്ളവരാണ്. ചിലരെ മറ്റുചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയതു കൊണ്ടും ആണുങ്ങള്‍ സമ്പത്തു ചെലവഴിക്കുന്നതിനാലുമാണത്.

ഇവിടെ പരാമര്‍ശിക്കുന്നത് പുരുഷന്‍ തന്റെ കുടുംബത്തില്‍ ഭാര്യക്കും മറ്റു സ്ത്രീകള്‍ക്കും നല്‍കുന്ന പരിരക്ഷയും പരിചരണവും മറ്റു സഹായങ്ങളുമാണെന്ന് ഇത് വ്യക്തമാക്കുന്നു. അതിനാല്‍, ഈ സൂക്തം പൊതുനേതൃത്വത്തെ സൂചിപ്പിക്കുന്നില്ല.

ഈ ഘട്ടത്തില്‍, ആരാധന, വിദ്യാഭ്യാസം, വിശ്വാസം, നീതി എന്നിവയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ അല്ലാഹു തുല്യതയോടെയാണ് കണക്കുകള്‍ നടപ്പാക്കിയത് എന്നത് എടുത്തുപറയേണ്ടതാണ്. സ്വാഭാവികമായും, സ്ത്രീകളും പുരുഷന്മാരും തമ്മില്‍ വ്യത്യാസമുള്ള കാര്യങ്ങളില്‍ അല്ലാഹു അതിനനുസരിച്ചുള്ള മാര്‍ഗങ്ങളുമാണ് നിര്‍ദേശിച്ചത്. ഉദാഹരണത്തിന്, കുട്ടികളെ വളര്‍ത്തുന്നതിലും മുലയൂട്ടുന്നതിലും സ്ത്രീകള്‍ക്ക് അവരുടേതായ ആനുകൂല്യങ്ങളുണ്ട്. കൂടാതെ, ആര്‍ത്തവരക്തത്തിന്റെയും പ്രസവരക്തത്തിന്റെയും സമയത്ത് അവര്‍ക്ക് നിസ്്കാരങ്ങളിലും നോമ്പിലും ഇളവുണ്ട്.

മതപരമായ കാര്യങ്ങളുള്‍പ്പടെ സ്ത്രീകളെയും പുരുഷന്മാരെയും തുല്യരായി കണക്കാക്കേണ്ട സന്ദര്‍ഭങ്ങളില്‍ തുല്യതയോടെയാണ് ഇരുവരെയും പരാമര്‍ശിച്ചിട്ടുള്ളത്. ഉദാഹരണത്തിന,് സൂറത്തുല്‍ ഹദീദിലെ 28ാം സൂക്തം പോലെ 'ഓ, വിശ്വാസികളെ' എന്ന് അഭിസംബോധനം ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അല്ലാഹു ഇരുവരെയും ഒരുപോലെയാണ് വിളിക്കുന്നത്.  

يا أيها الذين آمنوا اتقوا الله وآمنوا برسوله

ഹേ സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനെ യഥാവിധി സൂക്ഷിക്കുക, അല്ലാഹുവിന്റെ ദൂതനെ വിശ്വസിക്കുകയും ചെയ്യുക. 

സമാനമായ ഒരു ,സാഹചര്യത്തില്‍, മാനുഷികപരമായും ആദം നബി (അ) മിന്റെ സന്തതികള്‍ എന്ന നിലക്കും  പുരുഷന്മാരെയും സ്ത്രീകളെയും അല്ലാഹു തുല്യരായി പ്രതിപാദിക്കുന്നുണ്ട്.

 يا أيها الناس إنا خلقناكم من ذكر وأنثى وجعلناكم شعوبا وقبائل 

ഹേ മര്‍ത്യകുലമേ, ഒരാണിലും പെണ്ണിലും നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. പരസ്പരം മനസ്സിലാക്കുവാന്‍ നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കി. ( സൂറതുല്‍ ഹുജറാത്ത്: 13) 

ولقد كرمنا بني آدم وحملناهم في البر والبحر

നിശ്ചയം നാം ആദമിന്റെ സന്തതികളെ ആദരിക്കുകയും കടലിലും കരയിലും വാഹനത്തിലേറ്റുകയും ചെയ്തിരിക്കുന്നു ( സൂറത്തുല്‍ ഇസറാഅ്: 70)

മറ്റു ചില സന്ദര്‍ഭങ്ങളില്‍, അല്ലാഹു പുരുഷന്മാരെയും സ്ത്രീകളെയും അവരുടെ ലിംഗപരമായ ഭാഷാ രൂപത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. (സൂറത്തുല്‍ അഹസാബ്: 35) 

إن المسلمين والمسلمات والمؤمنين والمؤمنات والقانتين والقانتات والصادقين والصادقات والصابرين والصابرات والخاشعين والخاشعات والمتصدقين والمتصدقات والصائمين والصائمات والحافظين فروجهم والحافظات والذاكرين الله كثيرا والذاكرات أعد الله لهم مغفرة وأجرا عظيما

നിശ്ചയം, അല്ലാഹുവിന് കീഴ്‌പെടുന്നവരായ ആണുങ്ങളും പെണ്ണുങ്ങളും, സത്യവിശ്വാസം കൈക്കൊള്ളുന്ന ആണുങ്ങളും പെണ്ണുങ്ങളും, ആരാധകരായ ആണുങ്ങളും പെണ്ണുങ്ങളും, സത്യസന്ധരായ ആണുങ്ങളും പെണ്ണുങ്ങളും, ക്ഷമാശീലരായ ആണുങ്ങളും പെണ്ണുങ്ങളും, വിനയാന്വിതരായ ആണുങ്ങളും പെണ്ണുങ്ങളും, ധര്‍മിഷ്ഠരായ ആണുങ്ങളും പെണ്ണുങ്ങളും, വ്രതാനുഷ്ഠാനികളായ ആണുങ്ങളും പെണ്ണുങ്ങളും, സ്വന്തം ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും, അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളുംഇവര്‍ക്കെല്ലാം പാപമോചനവും വമ്പിച്ച പ്രതിഫലവും അല്ലാഹു സജ്ജീകരിച്ചിരിക്കുന്നു.

സൂറത്തുല്‍ ആലുഇംറാനിലെ 193, 194 വാക്യങ്ങളില്‍ സര്‍വശക്തനായ അല്ലാഹു തന്നോട് പ്രാര്‍ത്ഥന നടത്തുന്നതില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും നിലപാടുകള്‍ തുല്യമാക്കി. 

ربنا إننا سمعنا مناديا ينادي للإيمان أن آمنوا بربكم فآمنا، ربنا فاغفر لنا ذنوبنا وكفر عنا سيئاتنا وتوفنا مع الأبرار. ربنا وآتنا ما وعدتنا على رسلك ولا تخزنا يوم القيامة إنك لا تخلف الميعاد.

റബ്ബേ, സത്യവിശ്വാസത്തിലേക്കുള്ള പ്രബോധക വിളിയാളം, നിങ്ങള്‍ വിശ്വസിക്കൂ എന്ന ക്ഷണം ഞങ്ങള്‍ ശ്രവിച്ചു. തത്സമയം ഞങ്ങള്‍ വിശ്വാസം കൈക്കൊണ്ടു. അതിനാല്‍ നാഥാ, ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും തിന്മകള്‍ മാപ്പാക്കിത്തരികയും പുണ്യാത്മാക്കളില്‍ ചേര്‍ത്തു മരിപ്പിക്കുകയും ചെയ്യേണമേ. ദൂതന്മാരിലൂടെയുള്ള നിന്റെ വാഗ്ദത്തനേട്ടം ഞങ്ങള്‍ക്കു നല്‍കേണമേ. പുനരുത്ഥാനദിനം ഞങ്ങളെ അപമാനിക്കരുതേ. നീ വാഗ്ദാനം ലംഘിക്കുകയില്ല തന്നെ.  

അല്ലാഹു അവരിരു വിഭാഗത്തെയും ഉള്‍പ്പെടുത്തി മറുപടി നല്‍കി. 

فاستجاب لهم ربهم أني لا أضيع عمل عامل منكم من ذكر أو أنثى بعضكم من بعض

തത്സമയം തങ്ങളുടെ നാഥന്‍ അവരോടു പ്രതികരിച്ചു: പുരുഷനോ സ്ത്രീയോ ആകട്ടെ, നിങ്ങളില്‍ ഒരു പ്രവര്‍ത്തകന്റെ കര്‍മവും ഞാന്‍ ഫലശൂന്യമാക്കില്ലതന്നെ. നിങ്ങളെല്ലാം ഒരേ വര്‍ഗമാണല്ലോ.(സൂറത്തുല്‍ ആലുഇംറാന്‍: 195)

ചുരുക്കത്തില്‍, ആദ്യമായി ഞങ്ങള്‍ ഉദ്ധരിച്ച സൂറത്തുന്നിസാഇലെ സൂക്തം പുരുഷന്മാര്‍ അവരുടെ ഭാര്യമാരുടെയും കുടുംബത്തിലെ മറ്റ് സ്ത്രീ അംഗങ്ങളുടെയും സംരക്ഷണം, ഭക്ഷണം തുടങ്ങിയ പൊതുവായ പിന്തുണകള്‍ക്ക് നേതൃത്വം നല്‍കണം എന്നതിന് വേണ്ടിയുള്ളതാണ്. അതിനാല്‍, ഈ സൂക്തം രാഷ്ട്രീയ പദവികളെയോ പൊതുനേതൃത്വത്തെയോ പരാമര്‍ശിക്കുന്നില്ല. ഞങ്ങള്‍ ഉദ്ധരിച്ച മറ്റ് സൂക്തങ്ങളും പുരുഷന്മാരും സ്ത്രീകളും തമ്മില്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ള തുല്യത കാണിക്കുന്നതാണ്.  

ഇനി, രാഷ്ട്രീയത്തിലെ സ്ത്രീ പങ്കാളിത്തത്തിനെതിരെയും പൊതുസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെതിരെയും ഉപയോഗിക്കപ്പെടുന്ന ഹദീസുകളുടെ വിശദമായ അര്‍ത്ഥങ്ങള്‍ പരിശോധിക്കാം. 

അബീ ഭക്രത (റ) പറഞ്ഞു: പേര്‍ഷ്യയിലെ കിസ്റ രാജാവിന്റെ മരണവാര്‍ത്ത നബിയുടെ അടുത്തെത്തി. അപ്പോള്‍ നബി (സ) അടുത്ത രാജാവ് ആരാണെന്ന് ചോദിച്ചു. കിസ്റയുടെ മകള്‍ ബൗറാന്‍ ആണെന്ന് നബിയോട് പറഞ്ഞപ്പോള്‍ നബി ഇങ്ങനെ മറുപടികൊടുത്തു;
 
لن يفلح قوم ولوا أمرهم إمرأة 

സ്ത്രീകളെ തങ്ങളുടെ ഭരണാധികാരികളാക്കുന്ന സമൂഹം ഒരിക്കലും വിജയിക്കുകയില്ല.

ഈ ഹദീസിനെക്കുറിച്ച് ഞങ്ങളുടെ അഭിപ്രായം പറയുന്നതിനുമുമ്പ്, ഈ ഹദീസ് സഹീഹ് അല്ല (അതായത് ആധികാരികമല്ല) എന്ന് പറഞ്ഞ ചില പണ്ഡിതരുടെ അഭിപ്രായം പരിശോധിക്കാം. അത്തരം പണ്ഡിതര്‍ വാദിക്കുന്നത് അബി ഭക്രത (റ) ഈ ഹദീസ് ഉദ്ദരിച്ചത് മഅ്‌രികതുല്‍ ജമല്‍, അഥവാ ഒട്ടുകങ്ങളുടെ യുദ്ധം എന്നറിയപ്പെടുന്ന യുദ്ധത്തില്‍ സയിദതുനാ ആയിഷ (റ) യുടെ സൈന്യം പരാജയപ്പെട്ടതിന് ശേഷമാണ്. ഈ പണ്ഡിതര്‍ ചോദിക്കുന്നത്, നബി (സ) യില്‍ നിന്ന് ഹദീസ് കേട്ട് 25 വര്‍ഷത്തിന് ശേഷം ഒരു സ്ത്രീയുടെ സൈന്യം പരാജയപ്പെടുന്നത് വരെ എന്തുകൊണ്ട് അബീ ഭക്രത (റ) ഈ ഹദീസ് റിപോര്‍ട്ട് ചെയ്തില്ലയെന്നാണ്. എല്ലാത്തിനുമുപരി പുരുഷ കമാന്‍ഡര്‍മാര്‍ നയിച്ച് പരാജയപ്പെട്ട യുദ്ധങ്ങള്‍ക്ക് ശേഷം അബീ ഭക്രത (റ) എന്തുകൊണ്ട് ഈ ഹദീസ് പറഞ്ഞില്ല. കൂടാതെ, ഈ ഹദീസ് അറിഞ്ഞിട്ടും എന്തുകൊണ്ട് അഭീ ബക്രത (റ) ആയിശാ ബീവി (റ) യുടെ സൈന്യത്തില്‍ നിന്ന് പിന്മാറിയില്ല എന്നും ഇവര്‍ ചോദിക്കുന്നു. 

ഈ ഹദീസിന് വ്യത്യസ്തമായ ശൃംഖലകളും ഭാഷാ രീതികളും ഉണ്ടെന്ന് പറഞ്ഞ് നമുക്ക് ആരംഭിക്കാം. ഹദീസിലെ പ്രശസ്ത വിധിന്യായാധിപരുടെ വിധികള്‍ ചുവടെ ചേര്‍ക്കാം. അറബി ഭാഷയില്‍ ഇതിനോട് സാമ്യമായി വന്ന ഉദ്ദരണികള്‍ മാത്രമാണ് നാം ചര്‍ച്ചചെയ്യുന്നത്.

1. ഫിതന്‍ എന്ന അധ്യായം ബുഖാരി ഇമാമാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹം പറയുന്നു; മുഹമ്മദ് ഇബ് നു അല്‍ മുസന്നയില്‍ നിന്ന് ഞാനും, അദ്ദേഹം ഖാലിദ് ഇബ്‌ന് അല്‍ ഹര്‍സില്‍ നിന്നും, ഖാലിദ് ഹമ്മാദ് ബിന്‍ സലമയില്‍ നിന്നും, അദ്ദേഹം അല്‍ ഹസനില്‍ നിന്നും, അദ്ദേഹം അബീ ഭക്റയി നിന്നും കേട്ടു; പ്രവാചകന്‍ (സ) പറഞ്ഞു: 

لن يفلح قوم ولوا أمرهم إمرأة     

2. അബു ഈസ അത്തുര്‍മുദിയും ഈ ഹദീസ് ഇതുപോലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കൂടാതെ അദ്ദേഹം ഇതിന് 'സഹീഹ് എന്നും ഹസന്‍ എന്നും' അഥവാ, നല്ലതും ആധികാരികമെന്നും വിശേഷണം നല്‍കുകയും ചെയ്തിരിക്കുന്നു. 

3. വിധികളുടെ അധ്യായത്തില്‍ ഇമാം നസാഇയും ഇതുപോലെ ഉദ്ദരിച്ചതായി കാണാം.

4. ഇമാം അഹ്മദ് (റ) സവാഇദുല്‍മുസ് നദ് എന്ന ഗ്രന്ഥത്തില്‍ ഈ ഹദീസ് ഇങ്ങനെ വിവരിച്ചതായി കാണാം. അബ്ദുല്ലാഹി പറഞ്ഞു: എന്റെ പിതാവ് അബീ ഭക്‌റയില്‍ നിന്നും അദ്ദേഹം യഹ്യയില്‍ നിന്നും ഉയെയ്‌നയില്‍ നിന്നും എന്നെ അറിയിച്ചു. പ്രവാചകന്‍ (സ) പറഞ്ഞു: 

لن يفلح قوم أسندوا أمرهم إلى إمرأة

5. അബ്ദുല്ലഹി തന്റെ പിതാവില്‍ നിന്നും, അദ്ദേഹം അസ് വദ് ബിന്‍ അംറില്‍ നിന്നും, അദ്ദേഹം ഹമ്മാദ് ബിന് സലമയില്‍ നിന്നും അദ്ദേഹം അല്‍ ഹസന്‍ വഴി അഭീ ബക്‌റയില്‍ നിന്നും കേട്ടു: അതായത്, പ്രവാചകന്‍ (സ) പറഞ്ഞു: 
 
 لا يفلح قوم تملكهم إمرأة

6. അബ്ദുല്ലാഹി പിതാവില്‍ നിന്നും അദ്ദേഹം മുഹമ്മദ് ബിന്‍ ബക്റില്‍ നിന്നും പറഞ്ഞു: ഉയെയ്‌ന തന്റെ പിതാവ് വഴി അബീ ഭക്‌റയില്‍ നിന്നും കേട്ടു: ഞാന്‍ റസൂല്‍ (സ) പറയുന്നതായി കേട്ടു.

لن يفلح قوم أسندوا أمرهم إلى إمرأة

7. അബ്ദുല്ലാഹി പിതാവില്‍ നിന്നും അദ്ദേഹം യസീദ് ബിന്‍ ഹാറൂനില്‍ നിന്നും കേട്ടു. മുബാറക് ബിന് ഫുദുല അല്‍ ഹസന്‍ വഴി അബീ ഭക്‌റയില്‍ നിന്നും കേട്ടു: ഞാന്‍ റസൂല്‍ (സ) പറയുന്നതായി കേട്ടു.
   
لا يفلح قوم أسندوا أمرهم إلى إمرأة

8. അബ്ദുല്ലാഹി തന്റെ പിതാവില്‍ നിന്നും, അദ്ദേഹത്തിന്റെ പിതാവ് യസീദ് ബ്‌നു ഹാറൂനില്‍ നിന്നും അദ്ദേഹം മുബാറക് ബ്‌നു ഫൂദലയില്‍ നിന്നും അദ്ദേഹം അല്‍ഹസന്‍ വഴി അബീ ഭക്രത പറയുന്നതായി കേട്ടു. ഞാന്‍ റസൂല്‍ (സ) പറയുന്നതായി കേട്ടു.

لا يفلح قوم تملكهم إمرأة

9. അബു ഭക്റ (റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: 

ما أفلح قوم يلي أمرهم إمرأة

പ്രധാന ഹദീസ് പണ്ഡിതര്‍ റിപ്പോര്‍ട്ടുചെയ്തതിനാല്‍ ഈ ഹദീസിന്റെ ആധികാരികതയെക്കുറിച്ച് യാതൊരു സംശയവുമില്ലെന്ന്  ഞങ്ങള്‍ വിശ്വസിക്കുന്നു. പകരം ഈ ഹദീസിന്റെ സന്ദേശം മനസ്സിലാക്കി സാഹചര്യങ്ങളുനസരിച്ച് എങ്ങനെ അതിനെ കൈകാര്യം ചെയ്യണമെന്നതാണ് വിശകലനം ചെയ്യേണ്ടത്.

ആദ്യമായും ഏറ്റവും പ്രധാനമായി മനസ്സിലാക്കേണ്ടത് ഈ ഹദീസിലൂടെ ഉദ്ദേശിക്കുന്ന നേതൃത്വം ഇസ് ലാമില്‍ 'അല്‍ ഇമാം' അല്ലെങ്കില്‍ 'അല്‍ ഖിലാഫതുല്‍ കുബ്റാ' എന്നറിയപ്പെടുന്ന സ്ഥാനങ്ങളാണ്. ഇതിനെ ഏറ്റവും വലിയ ഇമാമ അല്ലെങ്കില്‍ സമ്പൂര്‍ണ്ണ ഖലീഫ എന്ന് വിവര്‍ത്തനം ചെയ്യാന്‍ കഴിയും. പേര്‍ഷ്യയിലെ രാജാവായ കിസ്റ ഇത്തരത്തിലുള്ള നേതൃത്വമായിരുന്നു വഹിച്ചിരുന്നത്. അതുകൊണ്ടാണ് പ്രവാചകന്‍ (സ) അദ്ദേഹത്തെ പരാമര്‍ശിച്ച് ഈ ഹദീസ പറയാന്‍ കാരണം. 

ഇസ്‌ലാമിക് സ്‌റ്റേറ്റിലെ പരമോന്നത പദവിയാണ് അ്ല്‍-ഇമാം. ഈ അധികാരം ചുമതലകള്‍ മറ്റുള്ളവര്‍ക്ക് വീതിച്ച് നല്‍കാനുള്ള അവകാശം നല്‍കുന്നു. അത്തരം അധികാരങ്ങള്‍ ഇസ്‌ലാമിക് സിസ്റ്റം നിപുണനായ വ്യക്തിക്ക് മാത്രമാണ് നല്‍കുന്നത്. തന്റെ ചുമതലകളും ആവശ്യങ്ങളും നിര്‍വ്വഹിക്കാന്‍ മറ്റൊരു വ്യക്തിയെ അവലംഭിക്കേണ്ട ആവശ്യമില്ലാത്തവരാണ് ഇതിന് അര്‍ഹര്‍. നിയമപരമായ പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിക്കുക, പദ്ധതികള്‍ നടപ്പാക്കുക, തര്‍ക്കങ്ങള്‍ പരിഹരിക്കുക പോലെ സമൂഹത്തെ ബാധിക്കുന്ന എല്ലാ വിഷയവും ഈ അധികാര പരിധിയില്‍ പെടുന്നു. നിയമപരമായ കേസുകള്‍ കേള്‍ക്കുന്നതും വിധിന്യായങ്ങള്‍ പറയുന്നതും രാജ്യത്തെ എല്ലാ ജീവനക്കാരുടെയും തൊഴിലാളികളുടെയും മേലുള്ള അധികാരവും ഇമാമിന്റെ ( ഖലീഫ ) അധികാരപരിധിയില്‍ വരും. പൊതുവായതും സ്വകാര്യമായതുമായ കാര്യങ്ങളില്‍ ഇസ്‌ലാമിക നിയമത്തിന്റെ യഥാര്‍ത്ഥ വിധികള്‍ മാത്രം പറയാനും പ്രാവര്‍ത്തികമാക്കാനും കഴിവുണ്ടാവുകയെന്നതാണ് ഇതിന്റെ പ്രധാനമായ സവിശേഷത.

നാം ഇതുവരെ പ്രതിപാദിച്ച ഇമാമിന്റെ അധികാരങ്ങള്‍, ഷൂറ കൗണ്‍സിലുകളിലെ ജനപ്രതിനിധി അംഗങ്ങളുടെ അധികാരങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്. മാത്രമല്ല ആധുനിക സംസ്ഥാനങ്ങളിലോ രാഷ്ട്രീയ വ്യവസ്ഥകളിലോ ഉള്ള എല്ലാത്തരം അധികാരികളില്‍ നിന്നും വ്യത്യസ്തമാണ്. ഇമാമിന് ചുമതലകള്‍ മറ്റുള്ളവര്‍ക്ക് വീതിച്ച് നല്‍കുക, ആരെയും അവലംബിക്കാതെ തീരുമാനങ്ങള്‍ എടുക്കുക പോലോത്ത പരിപൂര്‍ണ്ണ അധികാര സ്വാതന്ത്ര്യം നല്‍കുന്ന ഇസ് ലാമിക സിസ്റ്ററ്റത്തില്‍ നിന്നും ഏറെ വ്യത്യസ്ഥമാണ് ഇന്നത്തെ നിയന്ത്രിത എക്‌സിക്യൂട്ടീവ് സിസ്റ്റം. ഗ്രേറ്റ് ഇമാമിന്റെ പ്രത്യേകതകള്‍ ചുവടെ ചേര്‍ക്കുന്നു.

1. അദ്ദേഹം ചീഫ് എക്‌സിക്യൂട്ടീവ് ആണ്. അദ്ദേഹത്തിന്റെ ഉത്തരവുകള്‍ അദ്ദേഹത്തിന്റെ കൗണ്‍സില്‍ അംഗങ്ങളും പ്രജകളും അനുസരിക്കണം. അത്തരം നേതൃത്വത്തിലുള്ള കമ്മീഷണര്‍മാരും മന്ത്രിമാരും ഉപദേഷ്ടാക്കള്‍ മാത്രമാണ്. ഇമാമിന്റെ തീരുമാനങ്ങള്‍ മാറ്റാന്‍ അവര്‍ക്ക് അധികാരമില്ല. 

2. ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ അദ്ദേഹത്തിന് അധികാരമുണ്ട്. ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കുന്ന നിയമസഭകള്‍ ഉണ്ടാവില്ല.

3. മറ്റെല്ലാ ജഡ്ജിമാരും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്നതിനാല്‍ അദ്ദേഹം ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കുന്നു.

ഗ്രേറ്റ് ഇമാമ പോലുള്ള നേതൃത്വങ്ങളില്‍, എക്‌സിക്യൂട്ടീവ്, ലെജിസ്‌ലേറ്റീവ്, ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് തന്നെ സഹായിക്കുന്നവരെ ലീഡര്‍ (ഇമാം) തന്നെ നിയമിക്കുന്നു. പ്രവര്‍ത്തന സഹായികളും ഉപദേശ്ടാക്കളുമായി ഇവര്‍ അദ്ദേഹത്തിന്റെ കീഴില്‍ മാത്രം പ്രവര്‍ത്തിക്കും. ഒരു ഇമാം സ്ഥാനമൊഴിഞ്ഞാല്‍ വിശ്വസ്തരും നിപുണരുമായ പ്രമുഖ വ്യക്തികളടങ്ങിയ നിയുക്ത സംഘത്തില്‍ നിന്ന് പൊതുവായ അഭിപ്രായം പരിഗണിച്ച് പുതിയ ഇമാമിനെ നിയമിക്കും.  ഇനി പറയുന്നവ ഉള്‍പ്പെടെ (എന്നാല്‍ ഇവയില്‍ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല) നിരവധി യോഗ്യതകളാണ് ഈ കൗണ്‍സിലില്‍ അംഗമാവാന്‍ പരിഗണിക്കുന്നത്. 

1. ഒരു പുരുഷനായിരിക്കണം. 

2. നന്നായി അറിവുള്ളവനായിരിക്കണം.

3. ഇടപാടുകളില്‍ നീതിമാനായിരിക്കണം.

4. ഉറച്ച തീരുമാനങ്ങളും കൂടെ ദയയുള്ളവനുമായിരിക്കണം.

5. നന്നായി സംസാരിക്കാന്‍ കഴിയണം. 

6. ബുദ്ധിമാനായിരിക്കണം. 

7. വിശ്വസ്തനായിരിക്കണം.

ഇസ്‌ലാമിക നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമേ ഗ്രേറ്റ് ഇമാമിന് ഔദ്യോഗിക സ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ കഴിയൂ. അവ താഴെ ചേര്‍ക്കുന്നു.

1. മരിക്കുക

2. ഭ്രാന്തനാവുക

3. അസുഖം ബാധിക്കുകയും ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുക.

4. പ്രവര്‍ത്തികളില്‍ അന്യായം ചെയ്യുന്നവനാവുക.

5. ഇസ്‌ലാമിക മാനദണ്ഡങ്ങളില്‍ നിന്ന് വ്യതിചലിക്കുക.

6. ഇസ്‌ലാമിക നിയമങ്ങളും ചട്ടങ്ങളും  നിരന്തരം ദുരുപയോഗം ചെയ്യുക. ഇതിനോട് സാമ്യമുള്ള കാരണങ്ങളും ഇവയില്‍ പെടും.

യാത്ര ചെയ്യുമ്പോഴോ അല്ലെങ്കില്‍ താല്‍ക്കാലികമായി രോഗാവസ്ഥയിലാണെങ്കിലോ തന്റെ പകരം ഒരാളെ നിയമിക്കാന്‍ അദ്ദേഹത്തിന് അധികാരമുണ്ട്.

ചുരുക്കത്തില്‍, അല്ലാഹുവിന്റെ പ്രവാചകരും (സ) അവരുടെ ഖലീഫമാരും (പിന്‍ഗാമികള്‍) നിര്‍വ്വഹിച്ച നേതൃത്വമാണ് ഇമാമ. കൊളോണിയലിസത്തിന് മുമ്പ് സൊകോട്ടൊയിലെയും ബോര്‍ണോയിലെയും അമീറുമാരും മായ് കളും നടത്തിയ ഭരണവും ഇതിനോട് സാമ്യമുള്ള ഭരണമായിരുന്നു. നമ്മുടെ ഇന്നത്തെ തലമുറയില്‍, ഒരുപക്ഷേ സൗദി അറേബ്യയില്‍ മാത്രമാണ് ഇത്തരത്തിലുള്ള നേതൃത്വം നടപ്പാക്കുന്നത്.

അവസാനമായി, ഈ ഫത് വയില്‍ സൂറത്തുന്നിസാഇലെ സൂക്തം ഭാര്യ ഭര്‍ത്താകന്മാരെ ബന്ധിപ്പിക്കുന്നതാണെന്ന് വ്യക്തമായി തെളിയിച്ചിട്ടുണ്ട്. പുരുഷന്മാര്‍ അവരുടെ ഭാര്യമാര്‍ക്കും കുടുംബത്തിലെ മറ്റ് വനിതാ അംഗങ്ങള്‍ക്കും സംരക്ഷണവും ഭക്ഷണവും പൊതു പിന്തുണയും നല്‍കുന്നതിനെ കുറിച്ചാണ്് ഈ സൂക്തം പ്രതിപാദിക്കുന്നതെന്നു പറഞ്ഞു. അതിനാല്‍, ഈ 
സൂക്തം രാഷ്ട്രീയ പദവികളുമായോ പൊതുനേതൃത്വമായോ ബന്ധമില്ല എന്നു വേണം മനസ്സിലാക്കാന്‍. നാം ഉദ്ധരിച്ച മറ്റു സൂക്തങ്ങള്‍ പുരുഷനും സ്ത്രീക്കുമിടയില്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ള തുല്യതയെ മനസ്സിലാക്കി തരുന്നവയാണ്.  

എന്നിരുന്നാലും, മുഹമ്മദ് നബി (സ) യുടെ ശ്രേഷ്ഠനായ അനുയായി അബി ഭക്റ (റ) വിവരിച്ച ഹദീസാണ് ഈ വിഷയത്തെക്കുറിച്ചുള്ള സംവാദത്തിന്റെ പ്രധാന കാരണം. പക്ഷെ അറിവുള്ളവരും അറിവുണ്ടെന്ന് അവകാശപ്പെടുന്നവരും ഈ ഹദീസ് മനസ്സിലാക്കുന്നതില്‍ പിഴവ് വരുത്തിയിട്ടുണ്ട്. .  

ഞങ്ങളുടെ അറിവനുസരിച്ച്, നമ്മുടെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലുള്ള പോലെ തന്നെ ഈ ഹദീസും വ്യക്തമാക്കുന്നത് ഇസ് ലാമിക സിസ്റ്റത്തിലെ ഇമാമ സ്ഥാനം വഹിക്കാന്‍ ഒരു സ്ത്രീക്ക് അനുവാദമില്ലെന്ന് തന്നെയാണ്. മൂന്നു വ്യത്യസ്ഥ ഭരണ വ്യവസ്ഥകളുള്ളതിനാല്‍ ഈ പറഞ്ഞ രീതിയിലുള്ള ഇമാമ സമ്പ്രദായം നൈജീരിയയില്‍ സാധ്യമല്ല. ഒന്നാമതായി, ഫെഡറല്‍ തലത്തില്‍ രാഷ്ട്രപതി, മന്ത്രിമാര്‍, മറ്റ് സര്‍ക്കാര്‍ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് സംഘം നമുക്കുണ്ട്. നമുക്ക് സംസ്ഥാന തലങ്ങളില്‍ ഗവര്‍ണര്‍മാരും കമ്മീഷണര്‍മാരും ഉണ്ട്. നമുക്ക് തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളില്‍ ചെയര്‍മാന്‍മാരും കൗണ്‍സിലര്‍മാരും ഉണ്ട്. പരമ്പരാഗത ഭരണാധികാരികള്‍ എക്‌സിക്യൂട്ടീവിന്റെ പ്രത്യേക ഭാഗമായി മാറുന്നു. എക്‌സിക്യൂട്ടീവുകള്‍ സര്‍ക്കാരിന്റെ ദൈനംദിന ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നു. 

രണ്ടാമതായി, ഫെഡറല്‍ തലത്തില്‍ സെനറ്റും ജനപ്രതിനിധിസഭയും സംസ്ഥാന തലത്തില്‍ അസംബ്ലി സഭകളും ഉള്‍പ്പെടുന്ന നിയമസഭയുമുണ്ട്. നിയമസഭ എല്ലാ തലങ്ങളിലുമുള്ള നിയമങ്ങള്‍ നിര്‍മ്മിക്കുന്നു.

മൂന്നാമതായി, എല്ലാ തലങ്ങളിലും നീതി നടപ്പാക്കാന്‍ വേണ്ടി ജുഡീഷ്യറിയുമുണ്ട്.

ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയ ഭരണഘടന പ്രകാരം ഭരണം നടത്തുന്നു. അതാണ് അവിടത്തെ പരമോന്നത നിയമമായി കണക്കാക്കപ്പെടുന്നത്. എക്‌സിക്യൂട്ടീവ്, ലെജിസ്‌ലേറ്റീവ്, ജുഡീഷ്യറി എന്നിവയുടെ പ്രത്യേക ചുമതലകളും പ്രവര്‍ത്തനങ്ങളും ഭരണഘടന വിശദീകരിക്കുന്നു. എക്‌സിക്യൂട്ടീവ് മേധാവികളായ (പ്രസിഡന്റിനോ ഗവര്‍ണര്‍മാര്‍ക്കോ) മറ്റ് രണ്ട് ഘടകങ്ങളില്‍ നിയന്ത്രണമില്ല. അതുപോലെ, നിയമസഭാ മേധാവികള്‍ക്ക് (സെനറ്റ് പ്രസിഡന്റ്, ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ അല്ലെങ്കില്‍ സ്‌റ്റേറ്റ്‌സ് ഹൗസസ്് ഓഫ് അസംബ്ലികളുടെ സ്പീക്കറുമാര്‍) മറ്റുള്ള ഘടകങ്ങളിലും നിയന്ത്രണമില്ല. ജുഡീഷ്യറി മേധാവികള്‍ക്കും (ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ചീഫ് ജഡ്ജിമാര്‍) മറ്റുള്ള ഘടകങ്ങളില്‍ നിയന്ത്രണമില്ല. തീര്‍ച്ചയായും, ഭരണഘടന പ്രകാരം മൂന്ന് വ്യത്യസ്ത ഭരണ ഘടനകളുള്ള ഈ സംവിധാനം എല്ലാ ഭരണരീതികളും ഒറ്റ നേതൃത്വത്തിന്റെ കീഴിലുള്ള ഇമാമ സംവിധാനത്തോട് തുല്യമാണെന്ന് പറയാനാവില്ല . 

ഈ ഫത് വയിലടങ്ങിയ എല്ലാ പ്രധാന കാരണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍, ഗ്രേറ്റ് ഇമാമ പദവിയൊഴികെ ഏത് പദവിയും വഹിക്കാന്‍ സ്ത്രീകള്‍ക്ക് ഇസ്‌ലാമിക നിയമപരമായ അവകാശമുണ്ടെന്ന് വ്യക്തമാണ്. അതിനാല്‍, സ്ത്രീകള്‍ക്ക് ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിച്ചാല്‍ പ്രാദേശിക ഭരണകൂട ചെയര്‍പേഴ്‌സണ്‍മാരാകാനും സാധിക്കും. നിയമസഭാംഗങ്ങള്‍, സെനറ്റര്‍മാര്‍, ഗവര്‍ണര്‍മാര്‍ അല്ലെങ്കില്‍ രാഷ്ട്രപതി വരെ ആകാം! സ്ത്രീകളെ കൗണ്‍സിലര്‍മാര്‍ , കമ്മീഷണര്‍മാര്‍, മന്ത്രിമാര്‍, ബോര്‍ഡുകള്‍ പാരസ്റ്റാറ്റലുകള്‍ തുടങ്ങിയവയുടെ മേധാവികള്‍ പോലോത്ത പദവിയലേക്ക് വരെ നിയമിക്കാം. 

എന്നാല്‍, ഈ ഫത് വ അടിസ്ഥാനമാക്കി ഒരു സ്ത്രീ രാഷ്ട്രീയ പദവികള്‍ വഹിക്കാന്‍ തുടങ്ങിയാല്‍ ഇസ് ലാം നിഷ്കര്‍ഷിക്കുന്ന എല്ലാ നിയമപരമായ കാര്യങ്ങളും അനുസരിക്കാന്‍ അവള്‍ ബാധ്യസ്ഥയാണ്. പ്രധാനമായും സഹപ്രവര്‍ത്തകരായ പുരുഷന്മാരോടൊപ്പം പ്രവര്‍ത്തിക്കുമ്പോഴും ഇസ്‌ലാമിക ശരീഅതിന്റെ പരിമിതികള്‍ അവള്‍ കര്‍ശനമായി പാലിക്കണം, അതായത് മര്യാദയും വിനയവമുള്ളവളായിരിക്കണം. ഒരു സ്ത്രീയുടെ ബഹുമാനം, ധാര്‍മ്മികത, മതിപ്പ് എന്നിവ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്‌ലാമിക നിയമം സ്ത്രീക്ക് ചില നിയമങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംശയാസ്പദമായ സ്ഥലങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനും ഇസ് ലാം കല്‍പിക്കുന്നു. ഇസ് ലാമില്‍ സ്ത്രീക്ക് വളരെയധികം ബഹുമാനവും മഹത്വവും സ്ഥാനവുമുണ്ടെന്ന് ഇതിലൂടെ മനസ്സിലാകുന്നു. 

ഇവ കണക്കിലെടുക്കുമ്പോള്‍, പൊതു സ്ഥാനങ്ങള്‍ വഹിക്കുന്ന ഒരു സ്ത്രീ ഇനി പറയുന്ന ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു: 

1. നിയമപരമായി അവളുടെ കൂട്ടാളിയല്ലാത്ത (മഹ്റം) ഒരാളുമായി അവള്‍ ഒറ്റപ്പെടരുത്. അല്ലെങ്കില്‍ അവളുടെ നിയമപരമായ കൂട്ടുകാരന്‍ ഇല്ലാതെ മറ്റ് പുരുഷന്മാരുമായി യാത്രചെയ്യരുത്. 

2. അവള്‍ മാന്യമായി വസ്ത്രം ധരിക്കണം. അതായത്, ഇസ്‌ലാമിക് ഡ്രസ് കോഡിന് അനുസൃതമായി അവള്‍ ശരീരം മറക്കണം. 

3. അവള്‍ നൃത്തത്തിലും പാട്ടിലും ഏര്‍പ്പെടരുത് അല്ലെങ്കില്‍ പൊതു സ്ഥലങ്ങളില്‍ വിനോദ പരിപാടികള്‍ നടത്തരുത്.

4. മദ്യപാനങ്ങളോ മറ്റ് വിലക്കപ്പെട്ട ഭക്ഷണങ്ങളോ പാനീയങ്ങളോ ഉപയോഗിച്ച് അവള്‍ അതിഥികളെയോ സഹപ്രവര്‍ത്തകരെയോ വിനോദിപ്പിക്കരുത്.

5. അവള്‍ മാതാപിതാക്കളെയും ഭര്‍ത്താവിനെയും ബഹുമാനിക്കുകയും മക്കള്‍ക്ക് അമ്മയുടെ പരിചരണം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.

6. കുടുംബ ഐക്യം നിലനിര്‍ത്തുന്ന വിധത്തില്‍ അവള്‍ എല്ലാ വീട്ടുജോലികളും കുടുംബ ജോലികളും കൈകാര്യം ചെയ്യുകയോ അതിന് മേല്‍നോട്ടം വഹിക്കുകയോ വേണം.

7. ഇസ്‌ലാമിലെ സ്ത്രീകള്‍ക്ക്് അനുവദനീയമായതും നിശിദ്ധമായതുമായ കാര്യങ്ങളെക്കുറിച്ച് അവള്‍ നന്നായി പഠിക്കണം. താന്‍ അനുവദനീയമായവ മാത്രമേ ചെയ്യുന്നുവെന്നും വിലക്കപ്പെട്ടത് ചെയ്യുന്നില്ലെന്നും ഉറപ്പുവരുത്തണം.

ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഗ്രേറ്റ് ഇമാമ പദവിയൊഴികെ എല്ലാ പബ്ലിക് ഓഫീസുകളും കൈവശം വെക്കാനുള്ള അനുവാദം നല്‍കുന്ന ഇതേ ഫത് വ മുന്‍ കാലങ്ങളിലെ പണ്ഡിതരും അനുവദിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇമാം അബു ഹനിഫ പറഞ്ഞു: ഒരു സ്ത്രീക്ക് ജഡ്ജിയായി സേവിക്കുന്നത് അനുവദനീയമാണ്. കോടതിയില്‍ തെളിവിനായി അവളുടെ സാക്ഷ്യവും സ്വീകാര്യമാണ്. വളരെ പ്രധാനപ്പെതാണെങ്കിലും ഈ സാഹചര്യത്തില്‍, പുരുഷത്വത്തിന്റെ മുന്‍വ്യവസ്ഥ അസാധുവാണ്. പക്ഷെ, മറ്റു പല ഇസ്‌ലാമിക കേസുകളിലും ഈ വ്യവസ്ഥ ആവശ്യവുമാണ്. മാലികി സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് നിയമത്തിലെ മറ്റ് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്, ഒരു സ്ത്രീക്ക് ഇമാം അബു ഹനിഫ ചുമത്തിയ നിയന്ത്രണങ്ങളില്ലാതെ തന്നെ ന്യായാധിപനാകാനും വിധി പുറപ്പെടുവിക്കാനും സാധിക്കും.

ഇബ്‌നു ജരീര്‍ അത്തബരി യുടെ പ്രശസ്തമായ അഭിപ്രായം ഇമാമ കുബ്റ ഉള്‍പ്പടെ ഏതു സ്ഥാനവും സത്രീക്ക് വഹിക്കാമെന്നതാണ്. എന്നാല്‍ ഈ കാഴ്ചപ്പാട് മിക്ക പണ്ഡിതന്മാരും അംഗീകരിക്കുന്നില്ല. കാരണം ഒരു സ്ത്രീ അത്തരമൊരു പരമോന്നത സ്ഥാനം വഹിക്കുകയാണെങ്കില്‍, ഈ ഫത് വയിലും ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്റെ മറ്റു പല പുസ്തകങ്ങളിലും വിവരിച്ചിരിക്കുന്ന ഇസ്‌ലാമിക നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ അവള്‍ക്ക്് കഴിയില്ല. ഈ വീക്ഷണം അബീ ഭക്‌റ (റ) റിപ്പോര്‍ട്ട് ചെയ്ത സ്ത്രീക്ക് ഇമാമ പദവി നല്‍കാന്‍ അനുവദിക്കാത്ത ഹദീസിനോടും എതിരാകുന്നു.

“A Woman between the Injunctions of Jurisprudence and Agitation for Change: Rules for Women in Holding Public Offices“. എന്ന പുസ്തകത്തില്‍ 239 മുതല്‍ 240 വരെയുള്ള പേജുകളില്‍ മൊറോക്കോ രാജ്യത്തിന്റെ മുന്‍ എന്‍ഡോവ്‌മെന്റ് ആന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രി ഡോ. അബ്ദുല്‍ കബീര്‍ അല്‍മദ്ഗരി ഈ വിഷയത്തില്‍ വിപുലമായ അഭിപ്രായങ്ങള്‍ എഴുതിയിട്ടുണ്ട്. 239ാം പേജില്‍ അദ്ദേഹം പറയുന്നു:   

ഗ്രേറ്റ് ഇമാമ ഒഴികെ എല്ലാത്തരം പൊതു സ്ഥാനങ്ങളും ചുമതലകളും വഹിക്കല്‍ ഒരു സ്ത്രീക്ക് ഇസ് ലാമില്‍ പ്രശ്‌നമില്ല. ഒരു സ്ത്രീയുടെ കഴിവ് ഇസ്‌ലാം തിരിച്ചറിയുന്നു. അവര്‍ക്ക് ഒരു മന്ത്രിയും ജഡ്ജിയും ആകാം (ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും). അവള്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ഹെഡ്, ടീച്ചര്‍ / ലക്ചറര്‍, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡയറക്ടര്‍, കമ്പനിയുടെ ജനറല്‍ മാനേജര്‍, സൈനികന്‍, കരസേനയിലെ ഉദ്യോഗസ്ഥന്‍, വിമാനത്തിന്റെ പൈലറ്റ്, കപ്പലിന്റെ ക്യാപ്റ്റന്‍, പാര്‍ലമെന്റ് അംഗം, തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം ആളുകളുടെ തലവന്‍, ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ തുടങ്ങിയ പദവികളും വഹിക്കാം. കൂടാതെ ഔദ്യോഗികമായും അനൗദ്യോഗികമായും  ഓഫീസുകളിലും പ്രവര്‍ത്തനങ്ങളിലും ഉണ്ടാകുന്ന കാര്യങ്ങളിലും അവള്‍ക്ക് ഇടപെടാം.

അവസാനമായി, മത നിര്‍ദേശങ്ങളില്‍ പുരുഷന്മാരും സ്ത്രീകളും തുല്യരാണെന്ന് വിസ്തരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവരുടെ ജൈവിക സ്വഭാവത്തെ അടിസ്ഥാനമാക്കിയുളള പ്രത്യേകതകള്‍ക്കനുസരിച്ച് മാത്രമേ അവര്‍ വ്യത്യാസപ്പെടുന്നുള്ളൂ. 

അബീ ഭക്‌റ (റ) വിന്റെ ഹദീസില്‍ നിന്നും നമുക്ക് മനസ്സിലായത്, പ്രത്യേക മാനദണ്ഡങ്ങളുള്ള ഗ്രേറ്റ് ഇമാമ പദവിയൊഴികെ ഏതു സ്ഥാനം വഹിക്കലും മുസ് ലിം സ്ത്രീക്ക് അനുവദനീയമാണെന്നാണ്. നമ്മുടെ ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയയിലും സമാനമായ സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കുന്ന മറ്റ് രാജ്യങ്ങളിലും ഒരു സ്ത്രീയെ രാഷ്ട്രീയ മേഖലകളിലും മറ്റു പൊതു സ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നതിനെ ഈ ഹദീസ് തടയുന്നില്ലെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഇസ് ലാമിലെ സ്ത്രീകളുടെ എല്ലാ ചിട്ടകളും നിയമങ്ങളും അവള്‍ കര്‍ശനമായി പാലിക്കണം