ലേഖനങ്ങള്‍
പ്രവാചകന്റെ ജനനത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണം
ശൈഖ് ശരീഫ് ഇബ്രാഹിം സ്വാലിഹ് അല്‍-ഹുസൈനി (അദ്ദേഹത്തിന് അല്ലാഹുവിന്റെ സംരക്ഷണം ഉണ്ടാവട്ടെ)
നൈജീരിയന്‍ ഫത്‌വ കമ്മീഷന്‍, ഇസ്ലാമിക് കൗണ്‍സില്‍ എന്നിവയുടെ ചെയര്‍മാന്‍, അന്താരാഷ്ട്ര ഇസ്ലാമിക നവോത്ഥാന സംഘടനയുടെ ജനറല്‍ പ്രസിഡന്റ്, മുസ്ലിം എല്‍ഡേഴ്സ് കൗണ്സിലില്‍ അംഗം, ആഫ്രിക്കന്‍ പണ്ഡിതരുടെ സംഘടനായ മുഹമ്മദ് 6th ഫൗണ്ടേഷന്റെ നൈജീരിയന്‍ ഉപഘടകത്തിന്റെ പ്രസിഡന്റ് എന്നീ പദവികള്‍.
പ്രവാചകന്റെ ജന്മ ദിനത്തോടനുബന്ധിച്ച് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ ബോര്‍നോ സ്റ്റേറ്റിലെ മൈദുഗ്രി സിറ്റിയില്‍ സ്ഥിതിചെയ്യുന്ന പരിശുദ്ധ സ്ഥലമായ ഗോംഗെ അല്ലിയില്‍ 1442 ഹിജ്റ, റബീഉല്‍ അവ്വല്‍ 14 (31 Oct, 2020) ന് നടന്ന ആഘോഷപരിപാടിയില്‍ അവതരിപ്പിച്ച പ്രസംഗം.
ശപിക്കപ്പെട്ട സാത്താനില്‍ നിന്ന് ഞാന്‍ ദൈവത്തോട് അഭയം തേടുന്നു, പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍.
ലോകങ്ങളുടെ നാഥനായ ദൈവത്തിന് സ്തുതിയും ലോകങ്ങള്‍ക്ക് കരുണയായി അയച്ചവന് അനുഗ്രഹവും സമാധാനവും ഉണ്ടാകട്ടെ, മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും നേതാവ്. നന്മയിലേക്ക് വഴിനടത്തുന്ന കാരുണ്യമാണ് അദ്ദേഹം, നേരായ വഴിയില്‍ നമ്മെ വഴിതെളിക്കുന്ന അനുഗ്രഹവുമാണ്. സയ്യിദുനാ മുഹമ്മദ് ബ്നു അബ്ദുല്ലാ...അദ്ദേഹത്തിന്റെ പവിത്രരായ കുടുംബത്തിന്റെ മേലിലും വെളുത്ത നെറ്റിയുല്ല അനുചരരിലും ഖിയാമത് നാള്‍ വരെ അവരെ പിന്തുടര്‍ന്നവരിലും അല്ലാഹുവിന്റെ രക്ഷയും സമാധനവും ഉണ്ടാവട്ടെ.
ബോര്‍ണോ സ്റേറ്റ് ഗവര്‍ണറുടെ പ്രതിനിധി; പ്രൊഫസര്‍ ബാബാ ഗനാ അമ്മാര്‍ സോലം,
ഡോ. അബൂബക്കര്‍ ബ്ന് അംറുല്‍ ഗര്‍ബി അല്‍-കാനിമി,
ബ്രോനോ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിനിധികള്‍, സ്രേഷ്ഠ പണ്ഡിതന്മാര്‍, പ്രസിഡന്റുമാര്‍, ഇസ്ലാമിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും തലവന്‍മാര്‍്,
ഈ അനുഗ്രഹീത പ്രദേശത്തുള്ള നമ്മുടെ സഹോദരന്മാര്‍, പുത്രന്മാര്‍, സ്ത്രീകള്‍, പുരുഷന്മാര്‍, മുതിര്‍ന്നവര്‍, കുട്ടികള്‍,
വിശിഷ്ട അതിഥികള്‍,
അസ്സലാമുഅലൈക്കും വറഹ്‌മതുല്ലാഹ..
ഈ വര്‍ഷത്തെ (1442 ഹിജ്റ, 2020) നബിസ്മരണ പുതുക്കുന്ന വേളയില്‍ നാം തിരിച്ചറിയേണ്ട വസ്തുത കഴിഞ്ഞ ഹിജ്റ വര്‍ഷം പകുതി മുതലും, പുതിയ ക്രിസ്തുവര്‍ഷത്തിന്റെ ആദ്യ പാദം മുതല്‍ ഇന്ന് വരേയും ലോകത്താകമാനം പുത്തന്‍ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു എന്നതാണ്. ഈ മാറ്റം മനുഷ്യകുലത്തിനാകമാനം സ്വാധീനിച്ചിട്ടുണ്ട്, ഒരു വ്യക്തിയോ രാജ്യമോ ഈ മാറ്റത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല. ലോകത്തെമ്പാടും കൊറോണ വൈറസ് സൃഷ്ടിച്ച സ്വാധീനവും ഭയാനതയും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാകും, അതു കാരണം ഒരുപാട് നല്ല പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരിക്കുകയാണ്.
ഈ അവസരത്തില്‍, എല്ലാവരും നമുക്കും ഇസ്ലാമിക സമൂഹത്തിനും ഒരുപാട് ഉപകാരങ്ങള്‍ ചെയ്തു തന്ന നമ്മോട് വിട പറഞ്ഞ ഖലീഫമാര്‍, പണ്ഡിതന്മാര്‍, പ്രബോധകര്‍, രാജക്കന്മാര്‍ ബോര്‍ണോ സംസ്ഥാനത്തിലെ സര്‍ക്കാര്‍ ഒഫീഷ്യല്‍സ് തുടങ്ങിയവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതു പോലെ നമ്മുടെ പ്രദേശമായ മൈദൂഗ്രിയിലുള്ളവര്‍ക്ക് പ്രത്യേകമായും നൈജീരിയിലും സനഗലിലും മരണപെട്ടവര്‍ക്ക് വേണ്ടി പൊതുവായും പ്രാര്‍ത്ഥിക്കണം. തീജാനി ത്വരീഖത്തിന്റെ ഖലീഫയായ ശൈഖ് അഹ്‌മദ് അതീജാനി ബ്നു ശൈഖുല്‍ ഇസ്ലാം മൗലാനാ അല്‍ഹാജ് ഇബ്രാഹിം നിയാസ്, അദ്ദേഹത്തിന്റെ സഹോദരി അല്‍ഫാദില അസ്സയിദ ഫാഥ്വിമതു സഹ്റാഅ്, സഹോദരന്‍ ശൈഖ് മുഖ്താര്‍, അതുപോലെ മരണപ്പെട്ട ഖലീഫ അബൂബക്കര്‍ സി എന്നവരുടെ കുടുംബക്കാര്‍, ടൊവെന്‍, മൗറിറ്റാനിയ, ഐവറി കോസ്റ്റ്, ചാഡ്, മധ്യ ആഫ്രിക്ക, കാമറൂണ്‍, നൈഗര്‍, ഗാംബിയ, കൊമോറോസ്, സുഡാന്‍, മൊറോക്കോ രാജ്യം, അറബ് റിപ്പബ്ലിക്, ഈജിപ്ത്, ലിബിയ, സിറിയ, കുവൈറ്റ്, യെമന്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലുള്ള സഹോദരങ്ങള്‍, കൂടാതെ ഈ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തില്‍ ലോകത്താകമാനം മരണപ്പെട്ട എല്ലാവര്‍ക്ക് വേണ്ടിയും പ്രത്യേകമായി പ്രാര്‍ത്ഥിക്കണം.
എല്ലാവര്‍ക്ക് വേണ്ടിയും ഞങ്ങള്‍ സര്‍വ്വശക്തനായ ദൈവത്തോട് ക്ഷമയും കരുണയും ചോദിക്കുന്നു, ദൈവം അവരെ രക്തസാക്ഷിത്വത്താല്‍ അനുഗ്രഹിക്കണമെന്നും പ്രവാചകന്മാര്‍ക്കും സത്യസന്ധന്മാര്‍ക്കും രക്തസാക്ഷികള്‍ക്കും നീതിമാന്മാര്‍ക്കും നല്‍കിയ അനുഗ്രഹങ്ങള്‍ അവര്‍ക്കും നല്‍കി അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അവര്‍ നല്ല കൂട്ടുകാരത്രേ...
തീര്‍ച്ചയായും, ഭീകരവും നിരന്തരവുമായ വിപത്തുകളാണ് ലോകത്ത്. എന്നാല്‍ ഇതാണ് ദൈവത്തിന്റെ അലംഘനീയമായ വിധി. ആ വിധിയെ തടുക്കല്‍ സാധ്യമല്ല.
സര്‍വശക്തനായ അല്ലാഹു പറഞ്ഞു: (ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല) - ആലു ഇംറാന് 185 (ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍)
സര്‍വ്വശക്തനായ ദൈവം തന്റെ പ്രിയപ്പെട്ട കിതാബില്‍ വിവരിച്ച ലോകത്തിന്റെ അവസ്ഥ ഇതാണ്: (നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളരുന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേ ദിവസം അവയൊന്നും അവിടെ നിവലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്‍മൂലനം ചെയ്യപ്പെട്ട് അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതു പോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളൂകള്‍ക്കു വേണ്ടി അപ്രകാരം നാ തെളിവുകള്‍ വിശദീകരിക്കുന്നു) - യൂനുസ് 24
അല്ലാഹു വീണ്ടും പറയുന്നു: (നബിയേ, നീ അവര്‍ക്ക് ഐഹികജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം വൈള്ളം ഇറക്കി. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.) - കഹ്ഫ് 45
ദൈവത്തിലുള്ള എന്റെ സഹോദരന്മാരേ,
കൊറോണ വ്യാധി മുഴുവന്‍ മനുഷ്യകുലത്തെയും ബാധിച്ചിരിക്കുകയാണ്. മുസ്ലിം സമൂഹം ഇത് അല്ലാഹുവിന്റെ ശക്തിയും കഴിവും മനസ്സിലാക്കിതരുന്ന ആയുധമാണ് എന്നാണ് വിലയിരുത്തേണ്ടത്. മറ്റു വ്യാഖ്യാനങ്ങള്‍ക്കൊന്നും മുതിരാതെ ഈ പകര്‍ച്ചവ്യാധിയെ എല്ലാ മനുഷ്യരാശികളില്‍ നിന്നും ഉയര്‍ത്താന്‍ നമ്മള്‍ സര്‍വശക്തനായ ദൈവത്തോട് അഭ്യര്‍ത്ഥിക്കണം. നമ്മുടെ രാജ്യമായ നൈജീരിയയിലും മറ്റു പല രാജ്യങ്ങളിലും അരക്ഷിതാവസ്ഥ, യുദ്ധം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പൊതുസ്വകാര്യ സ്വത്തുക്കള്‍ക്കെതിരായ ആക്രമണം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങള്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചു, സര്‍വ്വശക്തനായ ദൈവം പറഞ്ഞതുപോലെ കരയിലും കടലിലും എല്ലാത്തരം അഴിമതികളും പ്രത്യക്ഷപ്പെട്ടു: (മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം) - റൂം 41.
നമ്മുടെ ശ്രേഷ്ഠനായ റസൂല്‍ (സ്വ) മഹത്ത്വരമായ പ്രവാചകദൗത്യത്തിന്റെ തുടക്കം മുതല്‍ ഈ കാലഘട്ടത്തില്‍ മനുഷ്യരാശി സാക്ഷ്യം വഹിക്കുന്ന കാര്യങ്ങളെ കുറിച് പ്രവചിച്ചിട്ടുണ്ട്. അവ ഒരുപാട് ഹദീസുകളില്‍ പ്രതിപാധ്യ വിഷയവുമായിട്ടുണ്ട്. അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ റബുല്‍ കഅ്ബ (റ) തൊട്ട് മുസ്ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം: 'ഞാന്‍ പള്ളിയില്‍ പ്രവേശിച്ചു, തല്‍സമയം അബ്ദുല്ല ബിന്‍ അമര്‍ ബിന്‍ അല്‍ആസ് കഅബയുടെ നിഴലില്‍ ഒരു പറ്റം ആളുകളുടെ കൂടെ ഇരിക്കുകയായിരുന്നു. ഞാന്‍ അവിടെ ഇരുന്നു, അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ ദൈവത്തിന്റെ ദൂതനുമായി ഒരു യാത്രയിലായിരുന്നു, ഞങ്ങളില്‍ പലരും പല പണിയിലായിരുന്നു (കൂടാരം നന്നാക്കല്‍, കിടക്കല്‍ മുതലായവ). നബിയുടെ മുഅദ്ദിന്‍് 'അസ്വലാത്തു ജാമിഅ' എന്ന് വിളിച്ചു പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ എല്ലാവരും നബിക്കു ചുറ്റും കൂടി. അപ്പോള്‍ നബി പറഞ്ഞു: എന്റെ മുമ്പ് ഒരു നബിയും തന്റെ സമൂഹത്തിന് ഉള്ള നല്ലകാര്യത്തെ കുറിച്ച് അവരോട് പറയാതെയും മോശമായ കാര്യത്തെ തൊട്ട് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാതെയും കഴിഞ്ഞ് പോയിട്ടില്ല. നമ്മുടെ ഈ സമൂഹം തുടക്ക കാലത്തില്‍ എല്ലാ വിധ സുഖങ്ങളും സന്തോഷവും ഉണ്ടാകും. അതിന്റെ ഒടുക്കത്തില്‍ ഫിത്നകളും പരീക്ഷണങ്ങളും ഒന്നൊന്നായി വന്നുകൊണ്ടിരിക്കും. അവ പരസ്പരം മത്സരിക്കും. ഒരു ഫിത്ന വരുമ്പോള്‍ വിശ്വാസി പറയുന്നു. ഇതാണ് എന്റെ നാശം എന്ന്. അതിന് ശേഷം അത് ഒഴിഞ്ഞുമാറുന്നു. ശേഷം അടുത്ത ഫിത്നയും വരുന്നു. അപ്പോള്‍ അദ്ദേഹം അതുപോലെ തന്നെ പറയുന്നു. അതിനാല്‍ നരകാഗ്‌നിയില്‍ നിന്ന് മാറി സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ഇഷ്ടപ്പെടുന്നവന്‍, ദൈവത്തിലും അന്ത്യനാളിലും വിശ്വസിച്ചിരിക്കെ അവന്ന് മരണം എത്തട്ടെ. അവന്‍ സ്വന്തത്തിന് എന്തെല്ലാം ലഭിക്കാന്‍ ആഗ്രഹിക്കുന്നുവോ അത് അവന് മറ്റുള്ളവര്‍ക്ക് ലഭിക്കുവാനും ആഗ്രഹിക്കട്ടെ. ആരെങ്കിലും ഒരു ഇമാമിനോട് ബൈഅത് ചെയ്യുകയും പൂര്‍ണമായും പിന്‍പറ്റുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്താല്‍ പരമാവധി ആ ഇമാമിനെ അവന്‍ പിന്‍പറ്റട്ടെ. ഇമാമിനെതിരെ ആരെങ്കിലും രംഗപ്രവേശം നടത്തിയാല്‍ അവനെതിരെ യുദ്ധം ചെയ്യട്ടെ. ശേഷം, ഞാന്‍ അദ്ദേഹത്തിനടുത്ത് പോയി ചോദിച്ചു. നിങ്ങളിത് കേട്ടത് നബി തങ്ങളുടെ അടുത്ത് നിന്നല്ലേ. ഹൃദയത്തില്‍ കൈവെച്ചു ചെവിയെ ചൂണ്ടി അദ്ദേഹം പറഞ്ഞു:നബിയുടെ അടുത്ത് നിന്ന് എന്റെ ചെവികള്‍ കേള്‍ക്കുയും ഹൃദയം അവ മനപ്പാടമാക്കുകയും ചെയ്തു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ഇതാണ് നിങ്ങളുടെ അമ്മാവന്റെ മകന്‍. നിങ്ങളുടെ അമ്മാവന്റെ മകനായ മുആവിയ ഇതാ ഞങ്ങളോട് പണം നിയമവിരുദ്ധമായി ചിലവഴിക്കാനും കൊല വിളി നടത്താനും കല്‍പിക്കുന്നു. ദൈവം പറഞ്ഞു: ( സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടു കൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോനം എടുത്ത് തിന്നരുത്. നിങ്ങള്‍നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു).
അദ്ദേഹം പറഞ്ഞു:കുറച്ച് നേരം അദ്ദേഹം മൗനം പാലിച്ചു. പിന്നെ അദ്ദേഹം പറഞ്ഞു: ദൈവത്തെ അനുസരിക്കുന്നതില്‍ അദ്ദേഹത്തെയും അനുസരിക്കുക. ദൈവത്തോട് അനുസരണക്കേട് കാണിക്കുന്നതില്‍ നിങ്ങള്‍ അദ്ദേഹത്തോടും അനുസരണക്കേട് കാണിക്കുക.
അബു ഹുറൈറ (റ) തൊട്ട് റിപ്പോര്‍ട്ട്: അദ്ദേഹം പറഞ്ഞു: നബിതങ്ങള്‍ (സ്വ) പറഞ്ഞു: എന്റെ ശരീരത്തിന്റെ ഉടമസ്ഥന്‍ തന്നെയാണ് സത്യം, പിശുക്കും തെമ്മാടിത്തരവും വെളിവാകുന്നത് വരെയും, വിശ്വസ്തനെ വഞ്ചിതനായും വഞ്ചിക്കുന്നവനെ വിശ്വസ്തനായും മുദ്രക്കുത്തപ്പെടുന്നത് വരെയും ഖിയാമത് നാള്‍ സംഭവിക്കുകയില്ല. അതുപോലെ 'വുഊല്‍' നശിക്കുന്നത് വരെയും 'തഹൂത്' അധികാരം സ്ഥാപിക്കുന്നത് വരെയും ഖിയാമതുണ്ടാവില്ല. അവര്‍ ചോദിച്ചു: വുഊല്‍ എന്ന് പറഞ്ഞാല്‍ എന്താണ് നബിയേ? നബി പറഞ്ഞു: ജനങ്ങളുടെ നേതാക്കളും മാന്യരും. അവര്‍ നശിക്കും, ശേഷം എന്താണ് ഭാക്കിയാവുക? തഹൂത്. അദ്ദേഹം പറഞ്ഞു: അവര്‍ക്ക് ജനങ്ങളുടെ കാല്‍ക്കീഴിലാണ് സ്ഥാനം; അവര്‍ വിഢികളാണ്!
ഇമാം അബു ഇസ്സ അല്‍ തിര്‍മിദി റിപ്പോര്‍ട്ട് ചെയ്തു: അദ്ദേഹം പറഞ്ഞു: ഹാറിസ് ബ്നു അബീ ഉസാമതുല്‍ അഹ്വറിനെ തൊട്ട് ഇബ്നു അഖി ഹാരിസും, അദ്ദേഹത്തെ തൊട്ട് അബുല്‍ മുഖ്താരും, ശേഷം ഇമാം ഹംസതു സിയാത് അല്‍മുക്രി വഴി, ഹുസൈന് ബ്നു അലി ജഅ്ഫി വഴി അബ്ദു ബ്നു ഹുമൈദ് എന്നോട് പറയുകയുണ്ടായി: ഞാന്‍ പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ ജനങ്ങള്‍ സംസാരിക്കുന്നത് എന്റെ ശ്രദ്ധയില്‍പെട്ടു. ഞാന്‍ വിശ്വാസികളുടെ കമാന്‍ഡറായ അലി ബിന്‍ അബി താലിബി(റ)ന്റെ അടുക്കല്‍ ചെന്നു.ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: വിശ്വസ്തനായ കമാന്‍ഡറേ, ആളുകള്‍ സംസാരത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങള്‍ കാണുന്നില്ലേ? (ഇവിടെ സംസാരം കൊണ്ട് അര്‍ത്ഥമാക്കുന്നത് ഇസ്ലാമിലെ വിശ്വാസം, കര്‍മശാസ്ത്രം തുടങ്ങിയവയിലെ അഭിപ്രായ വിത്യാസങ്ങളാണ്). അദ്ദേഹം പറഞ്ഞു: അവര്‍ അങ്ങനെ ചെയ്യുന്നുണ്ടോ? ഞാന്‍ പറഞ്ഞു: അതേ.. അദ്ദേഹം പറഞ്ഞു: നബി തങ്ങള്‍ ഇതൊരു ഫിത്ന ആണ് എന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ ചോദിച്ചു: ദൈവത്തിന്റെ ദൂതരേ, അതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി എന്താണ്? അദ്ദേഹം പറഞ്ഞു: ദൈവത്തിന്റെ ഗ്രന്ഥം..അതില്‍ നിങ്ങള്‍ക്ക് മുമ്പുള്ളവയെക്കുറിച്ചുള്ള വാര്‍ത്തകളും നിങ്ങളെ പിന്തുടര്‍ന്നവയെക്കുറിച്ചുള്ള വാര്‍ത്തകളും നിങ്ങള്‍ക്കിടയിലുള്ളവയുടെ ന്യായവിധിയും അടങ്ങിയിരിക്കുന്നു. അതു സത്യാസത്യങ്ങളെ വേര്‍പിരിക്കുന്നതാണ്. നര്‍മ്മമല്ല. അധികാരികളെയും ധിക്കാരികളെയും ഭയന്ന് ഖുര്‍ആനിനെ ഒഴിവാക്കുന്നവര്‍ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും. ഖുര്‍ആനില്‍ നിന്ന് അല്ലാതെ സത്യം തേടുന്നവരെ അല്ലാഹു പിഴപ്പിക്കും. അത് അല്ലാഹുവിന്റെ ദൃഢമായ കയറാണ്. യുക്തി സഹചമായ വചനങ്ങളാണ്. നേര്‍വഴി കാണിക്കുന്നതാണ്. അതില്‍ നിന്ന് ആരുടെയും ആഗ്രഹം മറ്റൊന്നിലാവുകയില്ല. നാവുകള്‍ മടുക്കുകയില്ല. ആവര്‍ത്തന വിരസതയുണ്ടാവുകയില്ല. അതിന്റെ അത്ഭുതങ്ങള്‍ തീരുകയില്ല. ഖുര്‍ആന് കേള്‍ക്കുമ്പോള്‍ ജിന്ന് സമൂഹം 'ഞങ്ങള്‍ നന്മയിലേക്ക് നയിക്കുന്ന അത്ഭുതമായ ഖുര്‍ആനിനെ കേട്ട് അതില്‍ വിശ്വസിച്ചു' എന്ന് പറഞ്ഞിട്ടല്ലാതെ അവര്‍ പോവുകയില്ല. ഖുര്‍ആന്‍ മുന്‍നിര്‍ത്തി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് സത്യമാണ്. അതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം നല്‍കപ്പെടും, അതിലുള്ളതനുസരിച്ച് വിധിച്ചാല്‍ നീതിയുക്തമായ വിധിയായിരിക്കും. അതിലേക്ക് ആരെയെങ്കിലും ക്ഷണിച്ചാല്‍ അവന്‍ സന്‍മാര്‍ഗത്തിലേക്ക് നയിക്കപ്പെടും. അദ്ദേഹം പറഞ്ഞു: അദ്ദേഹം എന്നോട് ഖുര്‍ആന്‍ പിടിച്ച് ജീവിക്കാന്‍ പറഞ്ഞു.
ദൈവത്തിലുള്ള എന്റെ സഹോദരന്മാരേ,
നൈജീരിയയും ഇത്തരം ഫിത്നകളില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നും വിദൂരമല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ചില പൗരന്മാരുടെ അവകാശങ്ങള്‍ ആവശ്യപ്പെടുന്ന സമാധാനപരമായ പ്രകടനങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിച്ചു, പക്ഷേ അവ അവയുടെ നിയമാനുസൃതമായ ഗതിയില്‍ നിന്ന് പിന്മാറി, ചിലര്‍ ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്ത മറ്റു പല അനിഷ്ടകരമായ ക്രൂരമായ പ്രകടനങ്ങളിലേക്ക് ചെന്നെത്തി. ആ പ്രകടനത്തിനിടയില്‍, ഈ അനുഗ്രഹീത രാജ്യത്തെ പൗരന്മാരുടെ വിലയേറിയ ജീവിതം നഷ്ടപ്പെട്ടു, സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു, സ്വകാര്യ സ്വത്തുക്കളും, പൊതു സ്വത്തുക്കളും അവയില്‍ തകര്‍ന്നു. സ്വീകാര്യമോ നിയമാനുസൃതമല്ലാത്തതോ ആയ മറ്റ് കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ ഇപ്പോഴും കേള്‍ക്കുന്നു, ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് തുടക്കം മുതല്‍ അടിയന്തിരവും ബുദ്ധിപരവുമായ ചികിത്സ ആവശ്യമാണ്. നിയമാനുസൃത അവകാശങ്ങള്‍ക്കായുള്ള പൗരന്മാരുടെ പോരാടത്തെ ഞങ്ങള്‍ പിന്തുണയ്ക്കുകയും, അവരുടെ ചുമതലയുള്ള രക്ഷാധികാരികളോട് തങ്ങളുടെ ബാധ്യത നിറവേറ്റാന്‍ ആവശ്യപ്പെടുകയും ചെയ്യും. വളരെ ശ്രദ്ധയോടെ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും പറയും, എന്നാല്‍ വിനാശകരമായ പ്രവര്‍ത്തനങ്ങളെ നാം അംഗീകരിക്കുകയില്ല. കാരണം തെറ്റുകള്‍ക്ക് മറ്റു തെറ്റുകള്‍ കൊണ്ടല്ല പരിഹാരം കണ്ടെത്തേണ്ടത്. രാജ്യത്തെ പൗരരുടെ നല്ലതിനോ സ്ഥിരതയ്ക്കോ ആഗ്രഹിക്കാത്തവരുടെ പദ്ധതികളെക്കുറിച്ച് എല്ലാവരും ജാഗരൂകരായിരിക്കേണ്ടതുണ്ട്. അവര്‍ എല്ലാ മേഖലയിലും നമ്മള്‍ അരക്ഷിതാവസ്ഥയുടെയും പിന്നോക്കാവസ്ഥയുടെയും ചക്രത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്.
ഈ പരീക്ഷണങ്ങള്‍ക്കെല്ലാം പുറമെ നമ്മെ വേദനിപ്പിക്കുന്ന മറ്റു സംഭവങ്ങളും അടുത്ത കാലത്ത് കാണാന്‍ ഇടയായി. നമ്മുടെ നേതാവായ നബി തങ്ങള്‍ക്കെതിരെ, നിന്ദിച്ചുകൊണ്ടും മോശമായി ചിത്രീകരിച്ചുകൊണ്ടും അതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും, നീതി വ്യവസ്ഥയിലും, മറ്റുള്ളവരെ ബഹുമാനിക്കുന്നതിലും വിശ്വസിക്കുന്ന ഒരു വലിയ രാജ്യത്തിന്റെ നിലപാടാണ് പ്രതിപാദ്യ വിഷയം. ഫ്രഞ്ച് ഭരണാധികാരി എടുത്ത നിലപാട് സാഹോദര്യത്തിലും സമാധാനത്തിലും വിശ്വസിക്കുന്ന ഫ്രഞ്ച് നിവാസികളുടെ അഭിപ്രായമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല ഏതെങ്കിലും മതത്തിന്റെ അനുയായികളുടെ, പ്രത്യേകിച്ച് മുസ്ലീങ്ങളുടെ വികാരങ്ങളെ എതിര്‍ക്കുന്നതും നിന്ദിക്കുന്നതും ഈ യുഗത്തില്‍ ന്യായയുക്തമോ സ്വീകാര്യമോ അല്ല, കാരണം അതില്‍ നിന്ന് ഒരു ഗുണവുമില്ല.
മുസ്ലിംകളായ നാം ഇതില്‍ ആശ്ചര്യപ്പെടുന്നില്ല, കാരണം നമ്മുടെ പവിത്രമായ സ്ഥലങ്ങളെയും ചിഹ്നങ്ങളെയും ദുരുപയോഗം ചെയ്യുന്നത് നമ്മുടെ പ്രവാചകര്‍ (സ്വ)യും അനുയായികളും മക്കാ മുശ്രിക്കുകളുടെ അടുത്ത് നിന്നും അന്ന് അറേബ്യന്‍ ഉപദ്വീപില്‍ വസിക്കുന്ന മുസ്ലിമേതര മതസ്ഥരില്‍ നിന്നും നേരിട്ട നിന്ദ്യപ്പെടുത്തലിന്റെ സ്വാഭാവിക വിപുലീകരണമാണ്,
സര്‍വശക്തന്‍ പറഞ്ഞു: (തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍പ്പെട്ടതാകുന്നു).
അക്കാലത്ത് ആവര്‍ത്തിച്ചുള്ള അധിക്ഷേപങ്ങള്‍ മുസ്ലിംകള്‍ക്കെതിരായ ക്രൂരമായ ആക്രമണമായി വളര്‍ന്നു, ഇത് മതം, ആത്മാവ്, ബഹുമാനം, പണം എന്നിവ സംരക്ഷിക്കുന്നതിന് വേണ്ടി അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ് നിര്‍ബന്ധമാവുന്നതിലേക്ക് നയിച്ചു. ഇസ്ലാം അക്രമത്തിനോ തീവ്രവാദത്തിനോ ഭീകരതയ്ക്കോ ഒട്ടും പിന്തുണ നല്‍കുന്നില്ലെന്ന് നാം തറപ്പിച്ചു പറയുന്നു. പക്ഷേ, ഇസ്ലാം മതത്തെയും ആത്മാവിനെയും സംരക്ഷിക്കാനും മാനവും പണവും മനസ്സും മാതൃരാജ്യവും പരിസ്ഥിതിയും ഉള്‍പ്പെടെ മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാം പ്രതിരോധിക്കാന്‍ അനുവദിക്കുന്നു. ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ പരിഹരിക്കപ്പെടണം. ഇത് ആക്രമണകാരിയെ പിന്തിരിപ്പിക്കാന്‍ ബലപ്രയോഗത്തിലേക്ക് നയിച്ചാലും കുഴപ്പമില്ല. നിയമാനുസൃതമായ പ്രതിരോധത്തിനുള്ള അവകാശം എല്ലാ പ്രായോഗിക നിയമങ്ങളിലും ആചാരങ്ങളിലും സുവ്യക്തമായ ഒരു തത്വമാണ്.
സര്‍വ്വശക്തന്‍ പറഞ്ഞു: (യുദ്ധത്തിന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു) (യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കി
അതിനാല്‍, ഈ നഗ്‌നമായ പെരുമാറ്റത്തെ അപലപിച്ച എല്ലാ അറബ്, ഇസ്ലാമിക് സര്‍ക്കാരുകളോടും ഒപ്പം ഞങ്ങളും അപലപിക്കുന്നു. ശൈഖുല്‍ അസ്ഹര്‍ ഉസ്താദ് ഡോ. അഹ്‌മദ് ത്വയ്യിബ് അടക്കം ലോകത്തിലെ വലിയ ഇസ്ലാമിക സഭകളുടെ ആവശ്യമായ മതങ്ങള്‍ക്കെതിരെയും അവയുടെ ചിഹ്നങ്ങള്‍കെതിരെയുമുള്ള അക്രമങ്ങള്‍ക്കെതിരെ ഒരു അന്താരാഷ്ട്ര നിയമം നടപ്പിലാകണം എന്നതിനെ ഞങ്ങള്‍ വിലമതിക്കുന്നു. സമാധാനവും അന്താരാഷ്ട്ര ഐക്യവും സ്ഥാപിക്കാന്‍ വേണ്ടി ബുദ്ധിക്കൊണ്ടും കരാറുകള്‍ കൊണ്ടും നിയമങ്ങള്‍ നടപ്പിലാക്കുന്ന ലോകത്ത്, കാട് നിയമങ്ങള്‍ക്ക് സ്ഥാനം കൊടുക്കരുത്.
ഐക്യരാഷ്ട്രസഭ ഒരു ആഗോള സംഘടനയാണ്, അതിന്റെ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനകളില്‍ ലോക സമാധാനവും രാജ്യാന്തര ഐക്യവും ഉള്‍പെടുന്നു. അതു കൊണ്ടുതന്നെ നാം ഈ സഭയോട് മതങ്ങള്‍ക്കെതിരെയും അവയുടെ ചിഹ്നങ്ങള്‍ പവിത്ര സ്ഥലങ്ങള്‍ എന്നിവക്കെതിരെയുമുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളണമെന്ന് ആവശ്യപ്പെടുന്നു കാരണം മതപരമായ കലഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടാല്‍, അത് എപ്പോള്‍ അവസാനിക്കുമെന്നോ ലോകമെമ്പാടും സംഭവിക്കുന്ന നഷ്ടങ്ങളുടെ വലുപ്പമോ ആര്‍ക്കും അറിയില്ല. ലോകത്തെ എല്ലാ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് സെന്ററുകളോടും, പുരോഹിതന്മാര്‍, സന്യാസിമാര്‍, റബ്ബികള്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റ് മതനേതാക്കളോടും, മുസ്ലീം എല്‍ഡേഴ്സ് കൗണ്‍സിലിനോടും, അതിന്റെ പരിപാടികള്‍ (ഈസ്റ്റ്വെസ്റ്റ് ഡയലോഗ് പ്രോഗ്രാം (ഹ്യൂമന്‍ ഫ്രറ്റേണിറ്റി ഡോക്യുമെന്റ്), ആഫ്രിക്കന്‍ പണ്ഡിതന്മാര്‍ക്കുള്ള മുഹമ്മദ് ആറാം ഫൗണ്ടേഷനോടും, അറബ് ഇസ്ലാമിക രാജ്യങ്ങളിലെ തന്ത്രപരമായ നിയമ ഗവേഷണ പഠന കേന്ദ്രങ്ങളോടും ലോകത്തിലെ സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഗണ്യമായ ശ്രമങ്ങളെ ഇരട്ടിയാക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയാണ് വേണ്ടത്. കേവലം ഒരു വ്യക്തിയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെങ്കില്‍ അത് തടയല്‍ എളുപ്പമാണ്. എന്നാല്‍ ഇത്തരം അപകടകരമായ കാര്യങ്ങള്‍ക്ക് പിന്തുണയും സഹകരണവും നല്‍കുന്നത് വലിയ രാജ്യങ്ങളും സ്ഥാപനങ്ങളുമാവുമ്പോള്‍ അവയെ തടുക്കാന്‍ വലിയതോതില്‍ മനുഷ്യ സമ്പത്തിന്റെ അത്യാവശ്യമുണ്ട്.
മുസ്ലിംകളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ ആഘോഷ വേള നമ്മുടെ അശ്രദ്ധയില്‍ നിന്ന് പുനര്‍ജീവിക്കാനുള്ള അവസരവും, അല്ലാഹുവിലേക്ക് ആത്മാര്‍ത്ഥമായ തൗബ കൊണ്ട് മടങ്ങാനുമുള്ള സുവര്‍ണാവസരമായി കാണേണ്ടതുണ്ട്. നമ്മള്‍ക്ക് നബിയുമായുള്ള ബൈഅത് പുതുക്കണം, നാം സ്വയം ചോദ്യം ചെയ്യണം. നമ്മിലേരോരുത്തരും അത് നേതാവായാലും രാജ്യത്ത് മുതിര്‍ന്നയാളായാലും ചെറിയ ബാധ്യതയുള്ളവനായാലും, സുല്‍ത്താനായാലും, ഒരു പരമ്പരാഗത രാജാവായാലും, ഒരു പണ്ഡിതനായാലും, സൂഫി ത്വരീകത്തിന്റെ ഒരു ഖലീഫയായാലും, അവരില്‍ ഒരു നേതാവോ മുരീദോ ആയാലും അല്ലെങ്കില്‍ ഒരു ഇസ്ലാമിക സംഘടനയുടെ തലവനോ, ഒരു വ്യാപാരിയോ, അല്ലെങ്കില്‍ ഒരു രാഷ്ട്രീയക്കാരനോ, സ്ത്രീയോ പുരുഷനോ വൃദ്ധനോ യുവാവോ ആരുതന്നെയായാലും എല്ലാ ആത്മാര്‍ത്ഥതയോടും നിഷ്പക്ഷതയോടും കൂടി ഏകാന്തതയില്‍, നബി തങ്ങള്‍ നമ്മെകുറിച്ചാഗ്രഹിച്ച കാര്യങ്ങളില്‍ നിന്ന് നാം എത്ര വിദൂരമാണ് എന്ന് സ്വയം ചോദിക്കേണ്ടതുണ്ട്. സര്‍വശക്തന്‍ പറയുന്നു: (ഭൂമിയുടെ അനന്തരാവകാശമെടുക്കുന്നത് എന്റെ സദ് വൃത്തരായ ദാസന്‍മാരായിരിക്കും എന്ന് ഉല്‍ബോധനത്തിന് ശേഷം നാം സബൂറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.) (തീര്‍ച്ചയായും ഇതില്‍ ആരാധനാനിരതരായ ആളുകള്‍ക്ക് ഒരു സന്ദേശമുണ്ട്) (ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല) (പറയുക: നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണ് എന്നത്രെ എനിക്ക് ബോധനം നല്‍കപ്പെടുന്നത്. അതിനാല്‍ നിങ്ങള്‍ മുസ്ലിംകളാകുന്നുണ്ടോ?) - അല്‍ - അന്‍ബിയാഅ് 105 - 108.
സര്‍വ്വശക്തന്‍ പറഞ്ഞു: (മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു). (അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന്‍ നീക്കം ചെയ്യുകയും, പുതിയൊരു സൃഷ്ടിയെ അവന്‍ കൊണ്ടുവരുകയും ചെയ്യുന്നതാണ്). (അത് അല്ലാഹുവിന് പ്രയാസമുള്ള കാര്യമല്ല) (പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരം കൊണ്ട് ഞെരുങ്ങുന്ന ഒരാള്‍ തന്റെ ചുമട് താങ്ങുവാന്‍ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതില്‍ നിന്ന് ഒട്ടും തന്നെ ഏറ്റെടുക്കുപ്പെടുകയുമില്ല. (വിളിക്കുന്നത്) അടുത്ത ബന്ധുവിനെയാണെങ്കില്‍ പോലും. തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ വിധത്തില്‍ തന്നെ ഭയപ്പെടുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ നിന്റെ താക്കീത് ഫലപ്പെടുകയുള്ളൂ. വല്ലവനും വിശുദ്ധി പാലിക്കുന്ന പക്ഷം തന്റെ സ്വന്തം നന്‍മക്കായി തന്നെയാണ് അവന്‍ വിശുദ്ധി പാലിക്കുന്നത്. അല്ലാഹുവിലേക്കാണ് മടക്കം). - ഫാത്വിര്‍ 15 - 18.
ദൈവത്തിലുള്ള എന്റെ സഹോദരന്മാരേ,
സര്‍വ്വശക്തനായ ദൈവത്തിന്റെ അടുത്ത് പ്രാര്‍ത്ഥനാ മുഖരിതരായി ഈ സമൂഹത്തിനുള്ള പ്രയാസങ്ങള്‍ അകറ്റാന്‍ വേണ്ടി രാപകലില്ലാതെ തീവ്രമായി ആഗ്രഹിക്കുന്ന ചുരുക്കം ചിലരിലുള്ള പ്രതീക്ഷയല്ലാതെ മറ്റൊന്നും തന്നെ ഇല്ല. സമൂഹത്തെ പരിഷ്‌കരിക്കുന്നതില്‍ സര്‍വ്വശക്തനായ ദൈവത്തിന് ശേഷം നമ്മുടെ അവലംഭങ്ങളായ പരിഷ്‌കര്‍ത്ത പണ്ഡിതന്മാര്‍, സൂഫികള്‍ ആരാധകര്‍, സന്ന്യാസിമാര്‍ എന്നിവരുടെ ഈ ചെറിയ സംഘം തെറ്റുകള്‍ തിരുത്തുകയും വസ്തുനിഷ്ഠമായി സ്വയം വിമര്‍ശിക്കുകയും നമ്മുടെ പ്രിയപ്പെട്ട നബി തങ്ങളുടെ വാക്കുകള്‍, പ്രവൃത്തികള്‍, ക്രിയകള്‍ എന്നിവ പിന്തുടരുന്നതിന് തടസ്സം നിക്കുന്ന എല്ലാ ബന്ധങ്ങളില്‍ നിന്നും മനസ്സിനെ നീക്കം ചെയ്യുകയും വേണം. അങ്ങനെ, നമ്മുടെ മതത്തോടും സഹോദരങ്ങളോടും മാതൃരാജ്യങ്ങളോടും ഉള്ള കടമകള്‍ നിറവേറ്റാനും നമുക്ക് കഴിയും, കൂടാതെ ദൈവത്തിന്റെ തൃപ്തിയും കരസ്ഥമാക്കാം.
ഈ അവസരത്തിലും, തീജാനി ത്വരീഖതിലുള്ള നമ്മുടെ സഹോദരന്മാരായ ഖലീഫമാര്‍ക്കും ശിഷ്യന്മാര്‍ക്കും മുരീദന്മാര്‍ക്കും ഒരു പ്രത്യേക സന്ദേശം അയക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, മറ്റ് ത്വരീഖതിലുള്ളവര്‍ക്കും ഈ സന്ദേശം കൈമാറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്, കാരണം അവയെല്ലാം അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതാണ്. ഇമാം അല്‍ ബുസീരി തങ്ങള്‍ പറഞ്ഞ പോലെ:
എല്ലാവരും ദൈവദൂതരെ തേടുന്നവരാണ്
അത് സമുദ്ര മുറികളിലായാലും രക്ത തുള്ളികളിലായാലും
ഈ അടുത്തകാലത്തായിട്ട് മുമ്പില്ലാത്ത വിധം ത്വരീഖത്ത് കൈമാറാനുള്ള സമ്മതത്തിനപേക്ഷിച്ച് കൊണ്ട് ഒരുപാടാളുകള്‍ വരുന്നുണ്ട്. ഇത് ത്വരീഖത് അതിന്റെ അടിസ്ഥാന വ്യവസ്ഥകള്‍ക്കും ഖുര്‍ആനും സുന്നതിനും അനുസരിച്ച് വളരുന്നതിന്റെ സന്തോഷ വാര്‍ത്തയും നല്ല കാര്യവും ആയേക്കാം. പക്ഷേ, ഈ സമ്മതം നമ്മുടെ ശൈഖുമാര്‍ കൈമാറുന്നത് കൈമാറപ്പെടുന്നവര്‍ക്ക് ഇസ്ലാം ആത്മാര്‍ത്ഥതയോടും, അല്ലാഹുവില്‍ ഭരമേല്‍പിച്ച് കൊണ്ടും, പരിപൂര്‍ണമായി ഇസ്ലാമിലെ ചൊവ്വായ മാര്‍ഗത്തിലും കൈമാറാനുള്ള നാമനിര്‍ദേശമായിട്ടാണ് കൈമാറുന്നത് എന്ന് എല്ലാവരും ശ്രദ്ധിക്കണം. (അതിനാല്‍ നീ പ്രബോധനം ചെയ്തുകൊള്ളുക. നീ കല്‍പിക്കപ്പെട്ടത് പോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്ന് പോകരുത്. നീ പറയുക: അല്ലാഹു അവതരിപ്പിച്ച് ഏത് ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതിപുലര്‍ത്തുവാന്‍ ഞാന്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മങ്ങളും നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മങ്ങളും. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ യാതൊരു തര്‍ക്കപ്രശ്നവുമില്ല. അല്ലാഹു നമ്മെ തമ്മില്‍ ഒരുമിച്ചുക്കൂട്ടും. അവങ്കലേക്കാകുന്നു ചെന്നെത്താനുള്ളത്). - അശ്ശൂറാ 15
അംഗീകാരം നല്‍കപ്പെട്ടവന്‍ കഴിയുന്നത്രയും ഖുര്‍ആനിനും സുന്നത്തിനും അനുസൃതമായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍, വളച്ചൊടിക്കുകയോ മാറ്റുകയോ വേഷംമാറുകയോ ചെയ്തില്ലെങ്കില്‍, അല്ലാഹുവിലേക്ക് യുക്തികൊണ്ടും സദുപദേശം കൊണ്ടും വിളിക്കുകയും ചെയ്താല്‍ അങ്ങനെ ആ പ്രവര്‍ത്തനങ്ങളുടെ അടയാളം എല്ലാരിലും പ്രതിഫലിക്കുകയും ചെയ്താല്‍ അവന്റെ കാലഘട്ടത്തിലെ ആളുകള്‍ ഭയഭക്തികൊണ്ടും നന്മകൊണ്ടും നല്ല നിലയില്‍ ചൊവ്വായി നിലകൊള്ളുന്നു എന്നത് കൊണ്ടും അവന് സാക്ഷ്യം നിന്നാല്‍ അല്ലാഹു അവനെ സമൂഹത്തെ അല്ലാഹുവിന്റെ പാതയിലേക്ക് നയിക്കുന്നതില്‍ അംഗീകരിച്ചു എന്നതിന്റെ അടയാളമാണ്. ആ സമയം അദ്ദേഹത്തിന്റെ ഓരോ ചുവടുവെപ്പിലും നിഷബ്ദതയിലും നേര്‍വഴി അല്ലാഹു കാണിച്ചുകൊടുക്കും, അതുപോലെ പ്രവാചകരുടെ സന്ദേശം എത്തിക്കുന്നതില്‍ നബിയുടെ സഹായിയുമാവും. ആ സമയം അല്ലാഹു തആലാ അദ്ദേഹത്തിന്റെ നാമനിര്‍ദേശം സ്വീകരിക്കും. കാരണം, അല്ലാഹു ആണ് യഥാര്‍ത്ഥ നാമനിര്‍ദേശം സ്വീകരിക്കുന്നവന്‍.
ഈ നാമനിര്‍ദേശം നല്‍കുന്ന വ്യക്തി തിരിമറി നടത്തിയാല്‍, ഇന്ന് പലരിലും കാണുന്ന പോലെ വഴിപിഴക്കുകയും ചെയ്താല്‍, എന്നിട്ട് സ്വയം ഇഷ്ടപ്രകാരം ജീവിച്ചാല്‍, അദ്ദേഹത്തിന് തോന്നിയ പോലെ തിന്മകളും അനുസരണക്കേടുകളും ചെയ്യുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്താല്‍, കയ്യില്‍ നാമ നിര്‍ദേശത്തിനുള്ള പത്രികയുള്ള ഒരാളായിരിക്കും അദ്ദേഹവും, പക്ഷേ, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ പിന്തിപ്പിച്ചു കൊണ്ടേയിരിക്കും. യഥാര്‍ത്ഥ പിന്തിപ്പിക്കലിനര്‍ഹനായ അല്ലാഹുവാണ് അദ്ദേഹത്തെ പിന്തിപ്പിച്ചത്. സര്‍വശക്തന്‍ പറഞ്ഞു: (അപ്പോള്‍ അല്ലാഹുവിന്റെ തന്ത്രത്തെപറ്റി തന്നെ അവര്‍ നിര്‍ഭയരായിരിക്കുകയാണോ? എന്നാല്‍ നഷ്ടം പറ്റിയ ഒരു ജനവിഭാഗം അല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരാവുകയില്ല). - അല്‍ അഅ്റാഫ് 99.
അതിനാല്‍, ഈ കാര്യം പുനര്‍വിചിന്തനം ചെയ്യാന്‍ ഞങ്ങള്‍ ഞങ്ങളുടെ സഹോദരന്മാരെ ആത്മാര്‍ത്ഥമായി ക്ഷണിക്കുന്നു, ഒപ്പം ദൈവത്തില്‍ അനുയായികളും നീതിമാന്മാരായ കൂട്ടാളികളും കെട്ടിപ്പടുക്കുന്ന അടിസ്ഥാന തത്വങ്ങളിലേക്ക് മടങ്ങിവരാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു. ആ അടിസ്ഥാന തത്വം ഒരു മുരീദ് ശൈഖുമായി ബൈഅത് ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും മേലിലും തന്നെ അല്ലാഹുവന്റെ മഅ്രിഫതിലേക്കെത്തിക്കുക എന്നതിന്റെ മേലിലും മാത്രമേ ബൈഅത് ചെയ്യാവൂ. മറ്റൊരു ലക്ഷ്യത്തിനുമാവരുത്. അങ്ങനെ ഇദ്ദേഹം സംസ്‌കരിക്കപ്പെടുകയും നന്മയിലേക്ക് ക്ഷണിക്കുന്ന വ്യക്തിയായി മാറുകയും ചെയ്യു. അല്ലാഹുവിനോട് അതിനുള്ള തൗഫീഖും ചൊവ്വായ മാര്‍ഗവും നാം ചോദിക്കുന്നു.
അവസാനമായി..
ദൈവത്തിലുള്ള എന്റെ സഹോദരന്മാര്‍,
ഭൂമിയുടെ കിഴക്കും പടിഞ്ഞാറുമുള്ള ഇസ്ലാമിക രാഷ്ട്രത്തിന്റെ അണികളെ ഏകീകരിക്കുന്നതിലേക്ക് നയിക്കുന്ന, സ്നേഹത്തോടും അനുരഞ്ജനത്തോടും ഫലപ്രദമായ സഹകരണത്തോടുംകൂടെ അവന്‍ നമ്മുടെ വചനത്തെ ഏകീകരിക്കണമെന്ന് രാത്രിയിലും പകലുകളിലും പ്രാര്‍ത്ഥിച്ചുകൊണ്ട് സര്‍വ്വശക്തനായ ദൈവത്തിന്റെ അടുത്തേക്ക് സമീപ്പിക്കുവാന്‍ ഞങ്ങള്‍ എല്ലാവരോടും ആവശ്യപ്പെടുന്നു.
ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ പ്രസിഡന്റ് മുഹമ്മദ് ബുഖാരി, ഫെഡറല്‍ ഗവണ്‍മെന്റിന്റെ തലത്തിലുള്ള അദ്ദേഹത്തിന്റെ സഹായികളായ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം എല്ലാ തലങ്ങളിലുമുള്ള നമ്മുടെ നേതാക്കള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു, എല്ലാവരെയും ദൈവം സംരക്ഷിക്കട്ടെ, അതുപോലെ തന്നെ ബ്രനോ സ്റ്റേറ്റ് ഗവര്‍ണര്‍, സയ്യിദ് ഹാജി ബാബ ഘന്ന അമാര്‍ സുല്‍ം, സംസ്ഥാനത്തെ അദ്ദേഹത്തിന്റെ സഹായികള്‍, ഫെഡറല്‍, സംസ്ഥാന തലങ്ങളിലെ സെനറ്റ്, ജനപ്രതിനിധിസഭയിലെ എല്ലാ അംഗങ്ങള്‍, എല്ലാ സംസ്ഥാന ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, വിവിധ സുരക്ഷാ ഏജന്‍സികളുടെ നേതാക്കള്‍, ബഹുമാനപ്പെട്ട സുല്‍ത്താന്‍ ഹാജി മുഹമ്മദ് സാദ് അബുബക്കര്‍ മൂന്നാമന്‍, സുല്‍ത്താന്‍ സാക്തോ, ഷെയ്ഖ് ബൊര്‍നോ ഹാജി ഡോ. അബു ബക്കര്‍ ബിന്‍ ഗര്‍ബി അല്‍ കാമിനി, മറ്റു ഉന്നതര്‍, സുല്‍ത്താന്മാര്‍, പണ്ഡിതന്മാര്‍, ഇസ്ലാമിക്, യുവജന, വനിതാ സംഘടനകളുടെ തലവന്‍മാര്‍, മറ്റു പല രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, ദൈവം എല്ലാവരെയും സംരക്ഷിക്കട്ടെ. രാജ്യമെമ്പാടും സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ കൈവരിക്കുന്നതിലേക്ക് നയിക്കുന്ന വിവേകപൂര്‍ണ്ണവും ശരിയായതുമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എല്ലാവരെയും യുക്തിസഹവും ശരിയായതുമായ തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കാന്‍ ഞങ്ങള്‍ ദൈവത്തോട് അഭ്യര്‍ത്ഥിക്കുന്നു. എല്ലാ പൗരന്മാരും ആസ്വദിക്കുന്ന ഏകീകൃത ഫെഡറല്‍ റിപ്പബ്ലിക്ക് ഓഫ് നൈജീരിയയെ സംരക്ഷിക്കുന്നതോടൊപ്പം ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും പൗരന്മാരുടെ കഷ്ടപ്പാടുകള്‍ക്ക് പരിഹാരം കണ്ടെത്താനും അവരുടെ പ്രയാസങ്ങളകറ്റാനും ദൈവം സഹായിക്കട്ടെ. അതുപോലെ, നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തെ ദ്രോഹിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ശത്രുക്കളുടെ പദ്ധതികളിലേക്ക് വഴുതിവീഴാതിരിക്കാന്‍ നമ്മുടെ യുവാക്കളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ സര്‍വശക്തനായ ദൈവത്തോട് അഭ്യര്‍ത്ഥിക്കുന്നു, ഈ രാജ്യത്തെ പൂര്‍വസൂരികള്‍ നമ്മുക്ക് എങ്ങനെയാണോ ഏല്‍പ്പിചത് അതുപോലെ ഭാവി തലമുറക്കും ഏല്‍പിച്ചു നല്‍കുന്നതിന് വേണ്ടി.
ലോകമെമ്പാടുമുള്ള ചെറുപ്പക്കാര്‍ക്ക്, പ്രത്യേകിച്ചും യെമന്‍, ലെവന്റ്, ലിബിയ, ഈജിപ്ത്, സുഡാന്‍, ചാഡ്, മറ്റ് അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഞങ്ങള്‍ ഒരേ സന്ദേശം അയയ്ക്കുന്നു, എല്ലായ്പ്പോഴും പണ്ഡിതന്മാരില്‍ നിന്നും സപെഷലൈസ്ഡ് ആയി പഠിച്ചവരില്‍ നിന്നും നിങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കി കൂടുതല്‍ സ്ഥിരത സാധ്യമാക്കൂ... വലിയ ശൈഖുമാരുടെ അനുഭവങ്ങളില്‍ നിന്ന് നിങ്ങള്‍ പാഠം ഉള്‍കൊണ്ടുകൊണ്ട് അവരുടെ നാടുകളില്‍ അറിവുകൊണ്ടും പ്രാവര്‍ത്തിക ബുദ്ധികൊണ്ടും അവര്‍ നേടിയ പുരോഗതി മനസ്സിലാക്കൂ.. അവരുമായി സഹവര്‍ത്തിക്കൂ...
വികാരങ്ങള്‍, പ്രലോഭനങ്ങള്‍, അല്ലെങ്കില്‍ തെറ്റായ വിവരങ്ങള്‍ എന്നിവ കാരണം ശത്രുക്കളുടെ കെണിയില്‍ വീഴാതെ സൂക്ഷിക്കണം. ഇസ്ലാം മതത്തില്‍ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുകയില്ല എന്ന വസ്തുത മനസ്സിലാക്കണം.കാരണം അല്ലാഹു ലക്ഷ്യം ആരാധനയാക്കി തന്ന പോലെ അതിലേക്കുള്ള വഴിയും നമുക്ക് ആരാധനയാക്കി തന്നിട്ടുണ്ട്. ദുന്യവിയ്യായതും ഉഖ്‌റവിയ്യായതുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും നബി ചര്യ പരിപൂര്‍ണ പരിഹാരങ്ങള്‍ കാണിച്ചു തരുമെന്ന് ജാമ്യം നിന്നിട്ടുണ്ട്. അതിനാല്‍ ഇസ്ലാമിക രാഷ്ട്രത്തെ ദ്രോഹിക്കുകയും ഹോളോകോസ്റ്റിന് ഇന്ധനമായി നമ്മുടെ യുവാക്കളുടെ കരുത്തിനേ മാറ്റുന്നതും ഒരിക്കലും അനുവദിക്കാവുന്നതല്ല. കാരണം, പണ്ടേ ആസൂത്രണം ചെയ്ത ഇത്തരം കാര്യങ്ങില്‍ നിന്ന് ശത്രുക്കള്‍ പ്രയോജനം നേടുകയും അവര്‍ മുതലെടുക്കുയും ചെയ്യുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് പല രാജ്യങ്ങളിലും ഇതാണ് സംഭവിക്കുന്നത്.
നമ്മില്‍ നിന്നും നിങ്ങളില്‍ നിന്നും എല്ലാ പ്രവൃത്തികളും ദൈവം സ്വീകരിക്കട്ടെ, ഈ മാന്യമായ അവസരത്തിന്റെ വിജയത്തിന് സംഭാവന നല്‍കിയ എല്ലാവര്‍ക്കും ദൈവം പ്രതിഫലം നല്‍കട്ടെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും നല്ല ആരോഗ്യം, ദീര്‍ഘായുസ്സ് എന്നിവ ലഭിക്കണമെന്നും പ്രത്യക്ഷവും മറഞ്ഞിരിക്കുന്നതുമായ എല്ലാ ആവശ്യങ്ങളും നിറവേറ്റണമെന്നും ആവശ്യപ്പെടുന്നു. ഈ അവസരത്തില്‍ പങ്കെടുത്ത എല്ലാവരെയും സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ എത്തിക്കാന്‍ നബി തങ്ങളുടെ മഹത്വത്തെ മുന്‍നിര്‍ത്തി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
നമ്മുടെ ഇടപടലുകള്‍ കൂടുതല്‍ ഭംഗിയും സുതാര്യവും ആവുന്നതോടു കൂടെ അടുത്ത തവണ നാം ഒത്തുകൂടാനും അത് കൂടുതല്‍ ഹൃദയ സ്പൃക്കാവാനും നാം ദൈവത്തോട് തേടുന്നു. അങ്ങനെ അല്ലാഹു തൃപ്തി നമുക്ക് കരസ്ഥമാക്കാന്‍ സാധിക്കും. അതുപോലെ മുസ്ലികളുടെ ഹൃദയം വിശാലമാക്കാനും നാം അല്ലാഹുവനോട് ചോദിക്കുന്നു. അത് അല്ലാഹുവിന് നിസാരമാണ്.
ഏവര്‍ക്കും ശുഭദിനവും പുതുവത്സരാശംസകളും
അസ്സലാമുഅലൈക്കും വറഹ്‌മതുല്ലാഹി വബറകാതുഹു